കണ്ണൂര്‍ : പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജില്‍ അധ്യാപകരെ നിയമിക്കാന്‍ ടൂറിസം വകുപ്പിന്‍റെ നീക്കം. ബിരുദവും പ്രവര്‍ത്തി പരിചയവും മാത്രം ഉള്ളവര്‍ക്ക് പോലും നിയമനം നേടാന്‍ സൗകര്യമൊരുക്കിയാണ് ഹോട്ടല്‍ മാനേജ്മെന്‍റ് കോളേജില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കോളേജ് തുടങ്ങുന്നത്.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റില്‍ ഇപ്പോഴുള്ള കോഴ്സ് ബി.എസ്‍.സി ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കേറ്ററിംഗ് സയന്‍സ്. അന്താരാഷ്ട്ര നിലവാരത്തില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം സാധ്യമാക്കാനാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൊസൈറ്റി കോളേജ് തുടങ്ങുന്നത്. എന്നാല്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് യോഗ്യതയായി നിശ്ചയിച്ചത് പിജി അതുമില്ലെങ്കില്‍ ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും മാത്രം.
570000 രൂപ ശമ്പളത്തില്‍ അധ്യാപകരായി സ്ഥിര നിയമനത്തിനാണ് വിജ്ഞാപനം. ടൂറിസം വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറല്ല. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ തുടങ്ങുന്ന സ്ഥാപനത്തില്‍ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യത വെച്ചുവെന്നാണ് വിചിത്രമായ മറുപടി.
ഒക്ടോബര്‍ മാസം മുഖ്യമന്ത്രി പങ്കെടുത്താണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് സൊസൈറ്റി ഭരണസമിതി ആദ്യ യോഗം ചേര്‍ന്നത്. വകുപ്പിന്‍റെ ശുപാര്‍ശ പ്രകാരം കണ്‍സന്‍ട്ടന്‍റിനെ വെച്ചാണ് നിയമനങ്ങളില്‍ ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍റെ ചട്ടം പ്രകാരം യോഗ്യത നിശ്ചയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുവരെ എ.ഐ.സി.റ്റി.ഇ അംഗീകാരം സ്ഥാപനം നേടിയതുമില്ല.
സര്‍വകലാശാലകള്‍ക്ക് കീഴിലെ കോഴ്സ് പഠിപ്പിക്കാന്‍ കോളേജിയേറ്റ് എജ്യുക്കേഷന്‍ ചട്ടം പ്രകാരം യുജിസി നെറ്റിന് തതുല്യമായ മത്സര പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ കടക്കണം. ഉടനടി പ്രവര്‍ത്തനം തുടങ്ങാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അംഗീകാരം നേടിയെടുത്തപ്പോഴും ദുര്‍ബലമായ യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റിയില്ല. അങ്ങനെ ചെയ്താന്‍ ഭാവിയില്‍ എ.ഐ.സി.റ്റി.ഇ അംഗീകാരം കിട്ടില്ലെന്നാണ് ടൂറിസം വകുപ്പിന്‍റെ മറുപടി. യുവജന സംഘടനയുടെ ദേശീയ അദ്ധ്യക്ഷനാണ് വകുപ്പിനെ നയിക്കുന്നത്.