കോഴഞ്ചേരി : ഇടതുമുന്നണി ഭരിക്കുന്ന മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സി.പി.എം അംഗം നല്കിയ പരാതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാന് നടപടി. മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ടാണ് സി.പി.എം അംഗം സജീവ് ഭാസ്കര്‍ ഓംബുഡ്സ്മാനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പരാതി പരിഗണിച്ച ഓംബുഡ്സ്മാന് ജസ്റ്റിസ് പി.ഡി. രാജന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും 25,000 രൂപ വീതം പിഴ അടക്കാൻ ഉത്തരവിട്ടു. സി.പി.ഐ നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ജിജു ജോസഫിനും നിര്‍വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിക്കുമെതിരെ നടപടിക്ക് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ആദ്യം തെരഞ്ഞെടുത്തയാളെ ഒഴിവാക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം പഞ്ചായത്തീരാജ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സി.പി.എം അംഗം സജീവ് ഭാസ്കര്‍ നല്കിയ പരാതിയില്‍ പറയുന്നത്.
പഞ്ചായത്ത് തീരുമാനം റദ്ദാക്കിയ ഓംബുഡ്സ്മാന് അര്‍ഹനായ വ്യക്തിക്ക് 15 ദിവസത്തിനകം നിയമനം നല്‍കണമെന്ന് നിര്‍ദേശിച്ചതായും പഞ്ചായത്ത് കമ്മിറ്റി തീരുമാനം റദ്ദ് ചെയ്ത സെക്രട്ടറിയെ തരംതാഴ്ത്തുകയോ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റം നല്‍കുകയോ ചെയ്യണമെന്നും പഞ്ചായത്ത് ജോയന്റ് രജിസ്ട്രാറിന് ഓംബുഡ്സ്മാന് നിർദേശം നല്‍കിയതായും അറിയുന്നു. നിയമം ലംഘിച്ച് തീരുമാനം എടുത്ത കമ്മിറ്റിയില്‍ പങ്കെടുത്ത അംഗങ്ങളെ കമീഷന് ശാസിച്ചു. 13 അംഗ ഭരണ സമിതിയിലെ 10 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇടത് അംഗങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങളും പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തെ കാര്യമായി എതിര്‍ത്തിരുന്നില്ല. ഇതോടെ ഇവരും കമീഷന്റെ പരാമര്‍ശത്തിനു വിധേയരായി. എന്നാല്‍, ചട്ടം ലംഘിച്ചില്ലെന്നും ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.