പത്തനംതിട്ട : പെയിന്‍റര്‍മാര്‍ ഉള്‍പ്പെടെ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഓള്‍ കേരളാ പെയിന്‍റേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂലവും അപകടകരവുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പെയിന്‍റര്‍മാരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് അവരുടെയും കുടുംബ അംഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് ജോഷി കുരീക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, അബ്ദു രണ്ടാത്താണി, റോബിന്‍ ജേക്കബ്, കെ.കെ. ഷിജു, സക്കറിയ പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു. പെയിന്‍റിംഗ് തൊഴില്‍ മേഖലയില്‍ ക്ഷേമനിധി ഉറപ്പാക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. ജോലിക്കിടയില്‍ അത്യാഹിതം സംഭവിക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്ററായി ഇ.ടി. രവിയെ തെരഞ്ഞെടുത്തു.