കോഴിക്കോട്: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയതിന് പിന്നാലെ സർക്കാരിന് എതിരെ പിതാവ് ഇഖ്ബാൽ. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഇഖ്ബാൽ പറഞ്ഞു. പ്രതികളായ കുട്ടികൾക്ക് ഇത്ര വേഗം ജാമ്യം കിട്ടിയതിന് പിന്നിൽ രാഷ്ട്രീയ നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോ മന്ത്രി റിയാസോ ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ഇഖ്ബാൽ പറഞ്ഞു. കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ മേൽക്കോടതിയെ സമീപിക്കും.
പ്രതികളായ കുട്ടികളെ തൂക്കിക്കൊല്ലാൻ അല്ല താൻ ആവശ്യപ്പെടുന്നത്. രണ്ട് വർഷമെങ്കിലും, കേസ് വിചാരണ തീരുന്നത് വരെയെങ്കിലും ജുവനൈൽ ഹോമിൽ പാർപ്പിച്ച് അവരെ നല്ല നടപ്പ് പഠിപ്പിക്കണം എന്നാണ് പറയുന്നതെന്നും ഇഖ്ബാൽ വ്യക്തമാക്കി. അവർക്ക് വിദ്യാഭ്യാസം നിഷേധിക്കണം എന്നോ പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നോ പോലും താൻ ആവശ്യപ്പെടുന്നില്ല. പ്രതികളായ കുട്ടികളുടെ മാതാപിതാക്കളും ക്രിമിനലുകളാണ്. അതിനാൽ കൂടിയാണ് ഇവർക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെടുന്നതെന്നും ഷഹബാസിന്റെ പിതാവ് പറഞ്ഞു.