പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്
ബോധവല്‍ക്കരണ പ്രദര്‍ശനം ഒരുക്കുന്നു
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെയ് 28 മുതല്‍ 2023 മെയ് 28 വരെ ഒരു ആര്‍ക്കെവ് രൂപീകരിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ പ്രദര്‍ശനങ്ങള്‍ ഒരുക്കും. ഇതിലേക്കായി കേരളത്തിന്റെ പൊതുവിതരണ ചരിത്രവുമായി ബന്ധപ്പെട്ട പഴയകാല ചിത്രങ്ങള്‍, പത്രവാര്‍ത്തകള്‍, ഉത്തരവുകള്‍, ലൈസന്‍സുകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകള്‍/വസ്തുക്കള്‍ പൊതുജനങ്ങള്‍, റേഷന്‍ വ്യാപാരികള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ [email protected]. എന്ന ഇ- മെയില്‍ അഡ്രസിലോ, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222612, 2320509.
കുടുംബശ്രീ-എന്റെ ജില്ല മൊബൈല്‍ ആപ്പ്
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കായി തയാറാക്കിയ മൊബൈല്‍ ആപ്പില്‍ കുടുംബശ്രീയുടെ സേവനങ്ങളും ലഭിക്കും. ആന്‍ഡ്രോയിസിലും ഐ.ഒ.എസിലും ലഭ്യമായ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നല്‍കുന്ന സേവന ആവശ്യങ്ങളും ഏതെങ്കിലും തരത്തിലുളള പരാതികളും അറിയിക്കാവുന്നതും അതിന്റെ മറുപടി ലഭിക്കുന്നതുമാണ്. എല്ലാ പൊതുജനങ്ങളും ഈ മൊബൈല്‍ ആപ്പ് ഉപയോഗപ്രദമാക്കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ബാലമിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29 ന്
കുഷ്ഠരോഗ ലക്ഷണമുളള കുട്ടികളെ പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാരങ്ങാനം 22-ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ഏപ്രില്‍ 29 ന് രാവിലെ ഒന്‍പതിന് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആയിരിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.വി.ആര്‍. രാജു, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സ ഉറപ്പാക്കുക എന്നുളളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്‌കൂള്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുക, രോഗബാധ സംശയിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ആരോഗ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുക, രോഗനിര്‍ണയവും, തുടര്‍ ചികിത്സയും ഉറപ്പു വരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഡിഎംഒ അറിയിച്ചു.
എസ്‌സി പ്രൊമോട്ടര്‍ ഫലം പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ പട്ടികജാതി വികസന വകുപ്പ് എസ്.സി പ്രൊമോട്ടര്‍ തസ്തികയിലേക്ക് ഏപ്രില്‍ മൂന്നിന് കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജില്‍ നടത്തിയ പൊതു എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് /നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ഫലം ലഭിക്കും. ഫോണ്‍: 0468 2322712.
വകുപ്പുതല പരീക്ഷാ തീയതി പുതുക്കി
വകുപ്പുതല പരീക്ഷ ജനുവരി 2022 -ന്റെ ഭാഗമായി 23.04.2022 തീയതിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് -പേപ്പര്‍ രണ്ട് (കെ.എസ്.ആര്‍) (പേപ്പര്‍ കോഡ് 008043) എന്ന പരീക്ഷ 03.05.2022 തീയതിയില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ അതേ പരീക്ഷാകേന്ദ്രത്തില്‍ നടത്തുമെന്ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ജാസി ഗിഫ്റ്റ് സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചു
ജില്ലയില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ ചെയര്‍മാനും ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് സന്ദര്‍ശിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതി ഓഫീസിലെത്തിയ ജാസി ഗിഫ്റ്റ് പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ നീരജിനെ നോക്കി കാണുകയും കൗതുകം പങ്ക് വയ്ക്കുകയും ചെയ്തു.
ഒളിമ്പിക്സ് സ്വര്‍ണം നേടിയ ജാവലിന്‍ താരം നീരജ് ചോപ്രയോടുള്ള ആദരസൂചകമായാണ് ഭാഗ്യചിഹ്നമായ മുയലിന് നീരജ് എന്ന് പേര് നല്‍കിയത്.
ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി.ആര്‍. ഗിരീഷ്, എന്‍.ബി. ഗോപാലകൃഷ്ണന്‍, ജില്ലാ ഹോക്കി അസോസിയേഷന്‍ സെക്രട്ടറി അമൃത് രാജ്, വോളിബോള്‍ കോച്ച് തങ്കച്ചന്‍ പി ജോസഫ്(ക്യൂബ തങ്കച്ചന്‍), നെറ്റ്ബോള്‍ കോച്ച് ഗോഡ്സണ്‍ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഉഷാകുമാരി മാടമണ്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.