പത്തനംതിട്ട : സമഭാവനയും സാമൂഹ്യ നീതിയും പുലരുന്ന വികസിത നവകേരളം സൃഷ്ടിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാരും കേരളീയ ജനതയും കൈകോര്‍ത്തു പിടിച്ച് മുന്നോട്ട് പോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആറന്മുള മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സര്‍വതലസ്പര്‍ശിയായ വികസനം സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന വേദികൂടിയാണ് നവകേരള സദസ്സ്. നമ്മുടെ നാടിന്റെ സമഗ്ര വികസനവും ജനങ്ങളുടെ സാമ്പത്തികമായ ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പൊതു വിദ്യാഭ്യാസം, ആരോഗ്യം, എന്നിങ്ങനെ എല്ലാ എല്ലാ ഭരണപ്രധാന മേഖലകളിലും വികസനം സാധ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് മികച്ച ആരോഗ്യ സംവിധാനമുള്ള സംസ്ഥാനം ആണ് ഇത്. ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്ന് കേരളം ആണെന്നുള്ളത് അഭിമാനകരമാണ്. 600 രൂപയില്‍ നിന്ന് 1800 രൂപ ആക്കി ഉയര്‍ത്തികൊണ്ട് 62 ലക്ഷം പേര്‍ക്കാണ് ഈ സര്‍ക്കാര്‍ സാമൂഹ്യ പെന്‍ഷന്‍ വിതരണം ചെയ്തത്. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, വീട്, ആരോഗ്യം, സംസ്ഥാനത്ത് നടത്തിയ അതിദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങി ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള ബൃഹദ് പദ്ധതികള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളെ കേരളീയരുടെ ജീവിതത്തോട് സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ പുരോഗതിക്ക് വിനിയോഗിക്കുന്ന തരത്തില്‍ സാധ്യമാകുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കുന്നു. അതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള പരിഷ്‌കരണത്തിന് ഒന്നാമത്തെ പരിഗണന നല്‍കുന്നു. കലാലയങ്ങളും സര്‍വകലാശാലകള്‍ ഉത്പാദിപ്പിക്കുന്ന അറിവുകള്‍ കേരളീയ ജനജീവിത നിലവാരം ഉയര്‍ത്തുന്നതിലും കേരളത്തിന്റെ സമ്പദ്ഘടനയുടെ വിപുലീകരണത്തിനുമായി പ്രയോജനപ്പെടുത്തും.
കുട്ടികളുടെ കഴിവിന് പ്രാധാന്യം നല്‍കികൊണ്ട് കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ സാധൂകാരിക്കാന്‍ കഴിയുന്ന തരത്തില്‍ കേരളത്തിലെ യുവതലമുറയെ മാറ്റിയെടുക്കുന്ന പ്രക്രിയക്ക് ആയി കോടി കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കലാലയങ്ങളില്‍ നടന്നു വരുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയിലൂടെ നിരവധി നേട്ടങ്ങളാണ് കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്നത്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടെക്‌നോ ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകള്‍,എസ് സി/ എസ് ടി കുട്ടികള്‍ക്കായുള്ള പ്രേത്യേക പദ്ധതികള്‍, വിദ്യാകിരണം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.