പത്തനംതിട്ട : വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരെ ഒഴിവാക്കി പകരം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം. നസീര്‍ പറഞ്ഞു. സമരത്തിലുള്ള ആശാപ്രവര്‍ത്തകരെ ഒഴിവാക്കി ബദല്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡില്‍ ഓഫീസര്‍മാര്‍ക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനുവേണ്ടി അയച്ച ഉത്തരവ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷന് മുന്‍പില്‍ കത്തിക്കുന്നതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പളവും ക്ഷേമപെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും പോലും നല്‍കാനാകാതെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പി.എസ്.സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ഡല്‍ഹിയിലെ സംസ്ഥാനത്തിന്‍റെ പ്രതിനിധിയുടെയും അടക്കം സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗത്തിന് വന്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ തുച്ഛ വേതനക്കാരയ ആശാ പ്രവര്‍ത്തകരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരും സി.പി.എം പാര്‍ട്ടിയും തൊഴിലാളി പാര്‍ട്ടിയാണെന്ന് പറയുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, ലാലു ജോണ്‍, സുനില്‍ എസ്. ലാല്‍, ജോണ്‍സണ്‍ വിളവിനാല്‍, ലിജു ജോര്‍ജ്, ജി. സതീഷ് ബാബു, സിന്ധു അനില്‍, വിനീത അനില്‍, ജി. രഘുനാഥ്, ജേക്കബ് പി. ചെറിയാന്‍, എസ്.വി. പ്രസന്നകുമാര്‍, സി.കെ. ശശി, കോശി. പി. സക്കറിയ, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, വി.ടി. അജോമോന്‍, രമാജോഗീന്ദര്‍, അനിത കുമാരി, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, ഈപ്പന്‍ കുര്യന്‍, രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, അബ്ദുള്‍ കലാം ആസാദ്, റനീസ് മുഹമ്മദ്, അജിത് മണ്ണില്‍, അബ്ദുള്‍ ഷുക്കൂര്‍, ലീല രാജന്‍, സലിം പെരുനാട്, ലീല രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.