പത്തനംതിട്ട: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍. വനംവകുപ്പിന്‍റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കുന്ന റോപ് വേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ശബരിമലയിൽ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകുന്നതിനുള്ള നിര്‍ണായക ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. വര്‍ഷങ്ങളായി ഭൂമി തര്‍ക്കം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് നിലച്ചുപോയ പദ്ധതിക്കാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ജീവൻവെച്ചത്. പദ്ധതിക്കായി 4.5336 ഹെക്ടര്‍ വനഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന് ബദലമായി കൊല്ലം പുനലൂര്‍ താലൂക്കിലെ 4.5336 ഹെക്ടര്‍ റവന്യു ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. റവന്യു ബൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനംവകുപ്പിന്‍റെ പേരിൽ പോക്കുവരവ് ചെയ്തു നൽകുന്നതിനായി കൈമാറികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം പരിഹാര വനവത്കരണത്തിനായിട്ടാണ് ഈ ഭൂമി വനംവകുപ്പിന് കൈമാറുന്നത്. റോപ് വേ പദ്ധതി നടപ്പാക്കുന്നതിലെ തര്‍ക്കം പരിഹരിക്കാൻ മന്ത്രി വിഎൻ വാസവന്‍റെ ഇതുവരെയായി 16 തവണയാണ് യോഗം വിളിച്ചിരുന്നത്. പതിറ്റാണ്ടുകള്‍ മുമ്പ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ലിടൽ ഈ തീര്‍ത്ഥാടന സീസണിൽ തന്നെ ഇടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശബരിമലയിൽ റോപ് വേ നിർമ്മാണത്തിനുള്ള സർവേ നേരത്തെ ആരംഭിച്ചിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രാഥമിക രൂപരേഖ അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ചേർന്ന് പരിശോധന ആരംഭിച്ചിരുന്നത്. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള ചരക്കുനീക്കത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സർവീസായും റോപ് വേ ഉപയോഗിക്കാനാകും.
പമ്പ ഹിൽടോപ്പിൽ നിന്ന് തുടങ്ങി മാളികപ്പുറം പോലീസ് ബാരക്കിന് സമീപം അവസാനിക്കും വിധമാണ് നിർദ്ദിഷ്ട റോപ് വേ. പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകളാണ് നിര്‍മിക്കേണ്ടത്. 12 മീറ്റർ വീതിയിലായിരിക്കും റോപ് വേ. ടവറുകൾ ഉയരംകൂട്ടി നിർമ്മിക്കുന്നതിനാൽ വനത്തിലെ 50 മരങ്ങൾ മാത്രം മുറിച്ചുമാറ്റിയാൽ മതി. പദ്ധതി പൂർത്തിയാക്കുമ്പോൾ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതമാകും. റോപ് വേ വന്നാൽ ട്രാക്ടറിലുള്ള ചരക്ക് നീക്കം കാര്യമായി കുറയും. അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായും റോപ് വേയെ ഉപയോഗപ്പെടുത്താനാകും. 2.8 കിലോമീറ്റർ നീളംവരുന്ന റോപ് വേ നിർമ്മാണത്തിന് 150 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2011 ലാണ് റോപ് വേ നിർമ്മാണത്തിന് നടപടി തുടങ്ങിയത്. 19 ൽ ആദ്യസർവേ നടന്നെങ്കിലും വനംവകുപ്പ് എതിർത്തു. പുതുക്കിയ അലൈൻമെന്‍റ് വനംവകുപ്പിനും സ്വീകാര്യമാണ്.