തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അടുത്ത സാമ്പത്തിക വര്‍ഷം (2023-24) മെച്ചെപ്പെട്ടാല്‍ മാത്രമേ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ (ഡിആര്‍) കുടിശികയും നല്‍കാന്‍ കഴിയൂ എന്നു വ്യക്തമാക്കി ധനവകുപ്പിന്റെ ഉത്തരവ്. സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ 2 ഗഡുക്കളും ക്ഷാമാശ്വാസ കുടിശികയുടെ 2 ഗഡുക്കളും സര്‍ക്കാരിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുന്നതു നോക്കി അടുത്ത സാമ്പത്തിക വര്‍ഷം വിതരണം ചെയ്യാനാണ് ശ്രമം. പക്ഷേ അതും നടക്കാനിടയില്ല.
ഈ വര്‍ഷത്തെക്കാള്‍ സാമ്ബത്തിക ബുദ്ധിമുട്ട് അടുത്ത വര്‍ഷമാകും സര്‍ക്കാര്‍ നേരിടുകയെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അടുത്ത വര്‍ഷവും കുടിശിക ലഭിക്കാനുള്ള സാധ്യത കുറവാണ്. അഞ്ചേകാല്‍ ലക്ഷം പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. പെന്‍ഷന്‍ പരിഷ്‌കരണം 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നല്‍കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു നല്‍കിയിരുന്ന ഉറപ്പ്. അതാണ് പൂര്‍ണ്ണമായും പാലിക്കപ്പെടാതെ പോകുന്നത്. ഒന്നും രണ്ടും ഗഡുക്കള്‍ നല്‍കി. പെന്‍ഷന്‍ കുടിശികയിനത്തില്‍ 2,800 കോടിയും ക്ഷാമാശ്വാസ കുടിശികയായി 1,400 കോടിയുമാണു നല്‍കാനുള്ളത്.
സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ജീവനക്കാര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത കുടിശികയുടെ ഒരു പങ്കും സംസ്ഥാന ബജറ്റില്‍ അനുവദിക്കാന്‍ സാധ്യത പ്രവചിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഇതിന് മുതിര്‍ന്നില്ല. പിന്നാലെയാണ് ഉടന്‍ നല്‍കില്ലെന്ന ഉത്തരവ്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, 2 ഗഡുക്കളെ നല്‍കിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നല്‍കുമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു വിതരണം ഈ സാമ്പത്തിക വര്‍ഷത്തേക്കും (2022-23), നാലാം ഗഡു അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കും (2023-24) മാറ്റിവച്ചു. എന്നാല്‍ പണമില്ലാത്തത് പ്രതിസന്ധിയായി തുടരുന്നു.
കുടിശികത്തുക വാങ്ങാന്‍ കഴിയാതെ ഒട്ടേറെ പെന്‍ഷന്‍കാര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെന്‍ഷന്‍കാരുടെ വിവിധ സംഘടനകള്‍ സര്‍ക്കാരിനു നല്‍കിയ നിവേദനവും സിപിഎമ്മിന്റെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് കുടിശിക നല്‍കാന്‍ മാര്‍ഗമുണ്ടോ എന്നു പരിശോധിച്ചിരുന്നു. പക്ഷേ സ്ഥിതി മെച്ചമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന പെന്‍ഷന്‍കാരുടെ അവസ്ഥ പരിഗണിച്ച് കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ ഒരുമിച്ചു നല്‍കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടെ എല്ലാ പെന്‍ഷന്‍കാരും നിര്‍ദിഷ്ട ഫോറത്തില്‍ സത്യവാങ്മൂലം ട്രഷറികളില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇതോടെ പെന്‍ഷന്‍കാരുടെ പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചു. കുടിശിക പ്രതീക്ഷിച്ചിരിക്കുന്ന നിരവധി പെന്‍ഷന്‍കാരാണ് നിത്യേന മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കെ.എസ്.എസ്‌പി.യു ഉള്‍പ്പെടെയുള്ള വിവിധ പെന്‍ഷന്‍ സംഘടനകള്‍ സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. ഇത് അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് പെന്‍ഷന്‍കാര്‍ വിചാരിച്ചിരുന്നു. പക്ഷേ പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ തല്‍കാലം മുഖം തിരിക്കുകയാണ്. പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയിനത്തില്‍ 2800 കോടിയും ക്ഷാമാശ്വാസ കുടിശികയ്ക്കായി 1400 കോടി രൂപയും വേണ്ടി വരും. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്ബോള്‍ സര്‍ക്കാറിന് ഇത്രയും തുക ഈ സാമ്ബത്തിക വര്‍ഷം കണ്ടെത്താന്‍ പ്രയാസമാണ്. അടുത്ത വര്‍ഷവും അതിന്റെ അടുത്ത വര്‍ഷവുമെല്ലാം പ്രതിസന്ധി തുടരാനാണ് സാധ്യത.