തിരുവനന്തപുരം : സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായ പ്രഭാത സദസ്സിലാണ് ഇത്തരമൊരു ആശയം ഉയർന്നത്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനു മുതൽക്കൂട്ടാകുന്ന നിരവധി ക്രിയാത്മക ആശയങ്ങളും നിർദേശങ്ങളും ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ ഉയർന്നു. നാടിന്റെ വികസന സങ്കൽപ്പങ്ങൾ ഏതു രീതിയിൽ യാഥാർഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള സദസിന്റെ പ്രഭാത യോഗങ്ങളിൽ ഉയരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിലും നടന്ന പ്രഭാത സദസ്സുകൾ ഇത്തരം ആശയങ്ങൾകൊണ്ടു സമ്പന്നമായിരുന്നു. ഭാവി പ്രവർത്തനങ്ങളെ ഒട്ടേറെ സഹായിക്കുന്നതാണ് ഇവയിൽ മിക്കവയെന്നും പ്രഭാത സദസ്സിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു.
തുടർന്നു സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നടത്തേണ്ട ഇടപെടലുകളെക്കുറിച്ചുമുള്ള ആശയങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻപാകെ പങ്കുവച്ചു. ഇവ ഓരോന്നിലും വ്യക്തമായ തീരുമാനങ്ങളും നിർദേശങ്ങളുമുണ്ടായി. ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് ആശ്വാസ് പദ്ധതി പ്രകാരം പ്രതിമാസം നൽകുന്ന സൗജന്യ ഡയാലിസിസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഊർജ മേഖലയിൽ സർക്കാർ മികച്ച ഇടപെടലുകൾ നടത്തുന്നുണ്ട്. സൗര പദ്ധതിയുടെ പുരോഗതിയനുസരിച്ചു ഗ്രിഡുകൾ വർധിപ്പിക്കുന്നതു പരിഗണിക്കും. ടൂറിസം രംഗവുമായി ബന്ധിപ്പിച്ച് ആയൂർവേദം, യോഗ എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും. ആയൂർവേദ മേഖലയിൽ മികച്ച ഇടപെടലുകൾ നടത്താൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. യോഗയും ഇത്തരത്തിൽ വ്യാപകമാക്കാൻ കഴിയണം. ഇതിനു പ്രോത്സാഹനം നൽകാൻ സർക്കാർ സന്നദ്ധമാണ്. സംസ്ഥാനത്ത് പാരാമെഡിക്കൽ മേഖലയിൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കണമെന്ന ആവശ്യം ഈ മേഖലയിൽ കൂടുതൽ തൊഴിലവസങ്ങൾ തുറക്കപ്പെടുന്നതിനു സാധ്യത നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു .