തിരുവനന്തപുരം : അട്ടപ്പാടിയിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ശുപാർശ. അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകൾ സന്ദര്‍ശിച്ച പട്ടികജാതി – പട്ടികവർഗ മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. അട്ടപ്പാടിയിൽ വിവിധ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പദ്ധതികള്‍ പലതുണ്ടെങ്കിലും ഊരുനിവാസികൾക്കു പ്രയോജനം കിട്ടണമെങ്കിൽ കൃത്യമായ ഏകോപനവും നിരീക്ഷണവും വേണം. ഏകോപനത്തിനായി ഉന്നത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിച്ചാൽ നടപടികൾ വേഗത്തിലാകും. 3 മാസം കൂടുമ്പോൾ വകുപ്പുകളുടെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തണം.
ഊരുനിവാസികൾക്കായി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനൊപ്പം അവരെ സ്വയംപര്യാപ്തരാക്കുന്നതിൽ ശ്രദ്ധ ചെലുത്തണം. സമൂഹ അടുക്കളയടക്കം ഉണ്ടെങ്കിലും തന്റെ ആരോഗ്യം സംരക്ഷിക്കാൻ ആഹാരം കഴിക്കണമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാനാകണം. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് മാസവരുമാനം ഉറപ്പു വരുത്തണം. ഊരുകളിൽ ഐടിഐ, പോളിടെക്നിക്, നഴ്സിങ് കോഴ്സുകൾ കഴിഞ്ഞ കുട്ടികൾക്ക് പെട്ടെന്നു ജോലി കിട്ടുന്നതിന് നടപടി എടുക്കണം. മാന്യമായ വേതനം ഇവർക്കു നിശ്ചയിക്കണം. മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തണം.
മദ്യനിരോധിത മേഖലയാണെങ്കിലും അട്ടപ്പാടിയിൽ വ്യാജമദ്യം വലിയ തോതിൽ ഒഴുകുന്നുണ്ട്. കോളനികളിലെ യുവാക്കളും കുട്ടികളും വ്യാജമദ്യത്തിന് അടിമപ്പെട്ട് നശിക്കുന്നു. ലഹരി മരുന്നടങ്ങിയ സ്റ്റിക്കർ നാക്കിനടിയിൽവെച്ച് ഭക്ഷണം കഴിക്കാതെ കഴിയുന്നവരുണ്ട്. വലിയ ബോധവൽക്കരണവും ഫലപ്രദമായ ഇടപെടലും ഇക്കാര്യത്തിൽ സർക്കാർ നടത്തണം. അങ്കണവാടികളുടെ നില മെച്ചപ്പെടുത്തണം. വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും കക്കൂസ് നിർമിക്കാനും നടപടി വേണം.
ആശുപത്രികളിൽ ആധുനിക സൗകര്യം വേണം. ചികിത്സ തേടി എത്തുന്നവരെ ഇപ്പോൾ മറ്റു ആശുപത്രികളിലേക്കു റഫർ ചെയ്യുകയാണ്. ആശുപത്രിയിലെത്തുന്ന 80 ശതമാനത്തിനെങ്കിലും അട്ടപ്പാടിയിൽതന്നെ ചികിൽസ നൽകാൻ പറ്റണം. ഇക്കാര്യം ആരോഗ്യവകുപ്പുമായി ആലോചിക്കണം. മേഖലാ അടിസ്ഥാനത്തിൽ അല്ലാതെ പ്രശ്നം അനുസരിച്ച് ഫണ്ട് ചെലവഴിക്കണം. ആദിവാസികളുടെ ജീവിതം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ സേവനം തേടണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.