തിരുവനന്തപുരം : സര്‍വകലാശാലകളിലെ അദാലത്തില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുക്കുന്നതു ചട്ടവിരുദ്ധമാണെന്നും മേലില്‍ ഇത്തരം അദാലത്തുകള്‍ പാടില്ലെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അദാലത്തില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുക്കുന്നതു ലജ്ജാകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയിലാണു ഗവര്‍ണര്‍ വാദം കേട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് ഇറക്കും. സാങ്കേതിക സര്‍വകലാശാലയിലെ ചട്ടവിരുദ്ധ അദാലത്തും മൂന്നാം മൂല്യനിര്‍ണയവും സംബന്ധിച്ച ഹിയറിങ്ങിലാണു ഗവര്‍ണറുടെ പ്രതികരണം.
സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുള്ള ചുമതല വിസിമാര്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രീയ ഇടപെടലുകളോ സമ്മര്‍ദമോ ഉണ്ടായാല്‍ വിസിമാര്‍ വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുകയാണു വേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശം എന്ന നിലയിലാണു മന്ത്രിയുടെ ഉത്തരവ് അനുസരിച്ചു അദാലത്തു നടത്തിയതെന്ന് സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീ, സര്‍വകലാശാലാ അഭിഭാഷകന്‍ എല്‍വിന്‍ പീറ്റര്‍ എന്നിവര്‍ പറഞ്ഞു. ഹിയറിങ്ങില്‍ സാങ്കേതിക സര്‍വകലാശാലാ റജിസ്ട്രാര്‍, സിന്‍ഡിക്കറ്റ് അംഗങ്ങള്‍, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍, സെക്രട്ടറി എം.ഷാജര്‍ഖാന്‍ എന്നിവര്‍ ഹാജരായി.