തിരുവനന്തപുരം: കേന്ദ്രത്തിന് പ്രശംസയും കേരളത്തിനു വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ പ്രസംഗം ആരംഭിച്ച ഗവർണർ മുഖ്യമന്ത്രിയെ പേരെടുത്ത് വിളിച്ച് അഭിസംബോധന ചെയ്തു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തയാറാക്കിയ പ്രസംഗം അവതരിപ്പിച്ചത്. തുടർന്ന് പ്രസംഗത്തിലുടനീളം കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ ഗവർണർ കേരളത്തെ വിമർശിക്കുകയും ചെയ്തു.
ലോകം ശ്രദ്ധിക്കുന്ന ശക്തിയായി ഇന്ത്യ മാറുന്നുവെന്നും നരേന്ദ്ര മോദി ഇന്ത്യയെ സൂപ്പർ പവറാക്കാനുള്ള ശ്രമത്തിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. കേരളം കൈവരിച്ച നേട്ടങ്ങളും ഗവർണർ പ്രസംഗത്തിൽ പരാമർശിച്ചു. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.