തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് 70 വയസ്സു പൂർത്തിയാകുന്നു. ജന്മദിനവും മറ്റും ആഘോഷിക്കുന്ന ശീലമില്ലാത്ത അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ്. ഇന്ന് ഉച്ചയോടെ അവിടെനിന്നു ഹൈദരാബാദിലേക്കു പോകും. 20നു തിരുവനന്തപുരത്തു മടങ്ങിയെത്തും. ഉത്തർപ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ 1951 നവംബർ 18 നാണ് ജനിച്ചത്.
കേരള ഗവർണറായിട്ടു രണ്ടു വർഷമായി. അഭിഭാഷകനായിരുന്ന അദ്ദേഹം യുപി നിയമസഭാംഗവും മന്ത്രിയും ആയിരുന്നു. നാലു തവണ പാർലമെന്റ് അംഗമായി. കേന്ദ്ര മന്ത്രിസഭയിൽ ഊർജ, സിവിൽ വ്യോമയാന വകുപ്പുകളുടെ കാബിനറ്റ് മന്ത്രി, ആഭ്യന്തര, കൃഷി, വ്യവസായ വകുപ്പുകളുടെ സഹമന്ത്രി, വാർത്താവിതരണ ഉപമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. രേഷ്മ ആരിഫ് ആണു ഭാര്യ. മക്കൾ: മുസ്തഫ, കബീർ.