കണ്ണൂര്‍ : ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. 2019 ഡിസംബര്‍ 28നു കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബില്ലിനെ അനുകൂലിച്ചതിന്റെ പേരിലാണ് പ്രതിഷേധം നേരിടേണ്ടി വന്നത്. വലിയ സുരക്ഷാ വീഴ്ചയായി ഇത് ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ പോലീസ് ചെറിയ കേസു പോലും എടുത്തില്ല. ആരേയും അറസ്റ്റു ചെയ്തുമില്ല. ഇതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
ഗവര്‍ണറെ കരിങ്കൊടി കാട്ടാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി. കര്‍ശന പരിശോധനയോടെയാണ് സദസ്സിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. അന്ന് എംപിയായിരുന്ന കെ.കെ രാഗേഷ് പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച് ഗവര്‍ണറെ പരോക്ഷമായും കേന്ദ്ര സര്‍ക്കാരിനെ നേരിട്ടും വിമര്‍ശിച്ചാണ് പ്രസംഗിച്ചത്. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുന്നവരെ ജാമ്യമില്ലാ കേസില്‍ കുടുക്കുന്ന കേരളത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിഷേധം പോലീസ് കണ്ടില്ലെന്ന് നടിച്ചു. ഈ ദൃശ്യങ്ങള്‍ വിളിച്ചു വരുത്തി രാജ് ഭവന്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അന്ന് പരമാവധി സംയമനം പാലിച്ചു.
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ചില കാര്യങ്ങള്‍ ആമുഖമായി പറയാനുണ്ടെന്നു സൂചിപ്പിച്ചാണു പ്രസംഗം തുടങ്ങിയത്. തന്റെ നിലപാടിനെ ന്യായീകരിച്ച് അദ്ദേഹം പ്രസംഗം തുടരുന്നതിനിടെ, മുന്‍നിരയിലെ ചില പ്രതിനിധികള്‍ പ്രതിഷേധ പ്ലക്കാര്‍ഡുമായി എണീറ്റുനിന്നു. പോലീസ് ഇവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ, കൂടുതല്‍ പേര്‍ എണീറ്റു നിന്നു മുദ്രാവാക്യം വിളിച്ചു. ഇതു പാക്കിസ്ഥാനല്ല, ഇന്ത്യയാണെന്നും ഗവര്‍ണര്‍ നുണ പറയുന്നുവെന്നും അവര്‍ വിളിച്ചുപറഞ്ഞു. ഗവര്‍ണ്ണറുടെ പരിപാടിയില്‍ പ്ലക്കാര്‍ഡുമായി ആളുകള്‍ എത്തിയത് പോലും തടയേണ്ടതായിരുന്നു. ഇതൊന്നും പോലീസ് അന്ന് ചെയ്തില്ല.
വേദിയിലുണ്ടായിരുന്ന ഇര്‍ഫാന്‍ ഹബീബ്, ‘ഇത്തരത്തിലാണു നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ഗാന്ധിജിയെയല്ല, ഗോഡ്‌സെയെ ഉദ്ധരിക്കൂ’ എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ അടുത്തെത്തി. ഇരുവരും തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇര്‍ഫാന്‍ ഹബീബിനെ ഏറെ പണിപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ‘പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍, പ്രസംഗിക്കാന്‍ എനിക്കും അവകാശമുണ്ട്’ എന്നു ഗവര്‍ണര്‍ വിളിച്ചുപറഞ്ഞു. മറ്റു കാര്യങ്ങളിലേക്കു കടക്കുന്നില്ലെന്നും എഴുതിത്തയാറാക്കിയ പ്രസംഗം വായിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞുവെങ്കിലും പ്രതിഷേധം തുടര്‍ന്നു.
പിന്നീട് പ്രതിഷേധം കൊണ്ട് തന്റെ വായടപ്പിക്കാമെന്നു കരുതേണ്ടെന്നു പറഞ്ഞു ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തി മടങ്ങി. പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ടതിനാല്‍ അപ്പോള്‍ തന്നെ വിട്ടയച്ചു. കേസും എടുത്തില്ല. പയ്യാമ്പലം ഗവ.ഗെസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണര്‍, തന്നെ അനുനയിപ്പിക്കാന്‍ വന്ന വിസിയെ കാണാന്‍ ആദ്യം കൂട്ടാക്കിയില്ല. പ്രസംഗങ്ങളുടെയും പ്രതിഷേധത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം വൈകിട്ടോടെ കൂടിക്കാഴ്ച അനുവദിച്ചു.
കെ.കെ.രാഗേഷ് പ്രകോപനം തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് ഇടപെട്ടില്ല, വേദിയില്‍ സംഘാടകര്‍ പ്രതിഷേധിച്ചപ്പോള്‍ എന്തുകൊണ്ടു തടഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം വിസിയോട് ഉന്നയിച്ചു. സ്ഥിതി മോശമാക്കിയതു സംഘാടകരാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന ഭരണത്തലവനായ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നു ഗവര്‍ണര്‍ പിന്നീട് ആരോപിച്ചു. കണ്ണൂരില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി രാജ്ഭവന്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കി. സംഭവം വിവാദമായതിനെ തുടര്‍ന്നു രാജ്ഭവന്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം ചോദിക്കുകയും തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അതിനിടെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നിരുന്നു എന്ന ഗവര്‍ണറുടെ ആരോപണം തള്ളിയ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനു മറുപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തു വന്നു. ആ പരിപാടിയുടെ വീഡിയോ ഒന്നുകൂടി പരിശോധിക്കാന്‍ ഇര്‍ഫാന്‍ ഹബീബ് തയ്യാറാകണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തന്നെ കായികമായി നേരിടാന്‍ ഇര്‍ഫാന്‍ ഹബീബ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നതു വ്യക്തമാണ്. ആ നീക്കം തിരിച്ചറിഞ്ഞ് തന്റെ എഡിസി ലഫ്റ്റനന്റ് തടയുകയായിരുന്നു. തുടര്‍ന്ന് എഡിസിയുടെ ഷര്‍ട്ട് വലിച്ചു കീറുകയും ഇടതുവശത്തു നിന്നു തന്നെ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതു അക്കാദമിക പ്രവര്‍ത്തനമായിരുന്നോ എന്നു വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഒരു തെരുവുഗുണ്ടയെപ്പോലെയാണ് ഇര്‍ഫാന്‍ ഹബീബ് പെരുമാറിയത്. ഫേസ്‌ബുക്കില്‍ കുറിപ്പുകള്‍ എഴുതിയതിനും യോഗങ്ങളില്‍ കറുത്ത ഷര്‍ട്ട് ധരിച്ചതിനും അറസ്റ്റ് നടക്കുന്ന കേരളത്തില്‍ തനിക്കു നേരെയുണ്ടായ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഇര്‍ഫാന്‍ ഹബീബ് നിഷേധിക്കുകയാണ്. അബുല്‍ കലാം ആസാദിനെ തെറ്റായി അവതരിപ്പിച്ചത് ചോദ്യം ചെയ്യുകയാണുണ്ടായത്. കായികമായി ആക്രമിച്ചുവെന്ന ആരോപണം ഇപ്പോള്‍ ഗവര്‍ണര്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.