തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ മാസം 29ന് നയപ്രഖ്യാപന പ്രസംഗം നടത്തും. 29നാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സർക്കാർ നിലപാട് പ്രസംഗത്തിൽ ഉൾപ്പെടുത്തും. നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം.
ഗവർണറുടെ നിലപാട് നിയമസഭ സമ്മേളനത്തെ ബാധിക്കില്ലെന്ന് എംഎം മണി പറഞ്ഞു. സർക്കാർ ചെയ്തതിൽ തെറ്റില്ലെന്നാണ് മുൻ ചീഫ് ജസ്റ്റിസ് കൂടിയായ പി സദാശിവം വ്യക്തമാക്കിയത്. ഗവർണർ ബാധ്യത നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ഈ മാസം 29ന് ആരംഭിക്കുന്നത്. നയപ്രഖ്യാപനമെന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയനേതൃത്വം തീരുമാനിക്കുന്ന നയം ഗവര്‍ണര്‍ സഭയില്‍ അവതരിപ്പിക്കും. അതില്‍ തര്‍ക്കവിഷയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.