തിരുവനന്തപുരം : രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തള്ളി ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍. ഇന്ന് രാവിലെ 11.30-ന് ഉള്ളില്‍ രാജിവയ്ക്കണമെന്നായിരുന്നു സംസ്ഥാനത്തെ ഒമ്പത് വി.സിമാര്‍ക്കും ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ രാജി സമര്‍പ്പിക്കാന്‍ ഒമ്പതുപേരും തയ്യാറായില്ല. ഇതിനുപിന്നാലെ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് വി.സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയതിന് പിന്നാലെയാണ് വി.സിമാരുടെ നീക്കം. ഇന്ന് വൈകീട്ട് നാല് മണിക്ക് സര്‍വകലാശാല കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വി.സിമാരോട് രാജിവെക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
വി.സിമാര്‍ രാജിവെച്ച് ഒഴിയാത്ത സാഹചര്യത്തില്‍ വി.സി.മാരെ പുറത്താക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് പുറത്താക്കല്‍ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം തുടര്‍നടപടികളില്‍ ഇന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതിയുടെ തീരുമാനങ്ങളും നിര്‍ണായകമാകും.
അതിനിടെ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണറെ മുഖ്യമന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചു. സര്‍വകലാശാലകളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്‍സലറായ ഗവര്‍ണരുടെ നടപടികളെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമം ലംഘിച്ചാണ് വി.സിമാരെ നിയമിച്ചതെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.