തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ ലാഭകരമാക്കുന്നതിനായി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് റീ സ്ട്രക്ച്ചര്‍ 2.0 മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എല്‍എന്‍ജി, സിഎന്‍ജി, ഇലക്‌ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.റ്റി.സി.യുടെ കീഴില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പിനി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കിഫ്ബിയുടെ വായ്പയാണ് ഇതിന് ലഭ്യമാക്കുക. പിരിച്ചുവിട്ട താല്‍ക്കലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്‍ഷത്തിന്‍മേല്‍ സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. ബാക്കി പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കും.
ഒരു റവന്യൂ ജില്ലയില്‍ ഒരു പ്രധാന ഡിപ്പോയില്‍ മാത്രമാ.ിരിക്കും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസികള്‍ പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ കെഎസ്‌ആര്‍ടിസിയുടെ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്പിനികളുമായി ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും. മേജര്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷന്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 6 ആയും പുനര്‍ നിര്‍ണ്ണയിക്കും. നിലനിര്‍ത്തുന്ന 20 വര്‍ക്ക്‌ഷോപ്പുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.
ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുളള വിശ്രമ മുറികള്‍ ക്രൂവിന് ഒരുക്കും. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രമോഷന്‍ സാധ്യതകള്‍ സൃഷ്ടിക്കും.കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്‌സ് ഓണ്‍ വീല്‍സ്, കെഎസ്‌ആര്‍ടിസി ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.