വിഴിഞ്ഞം : രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ക്രൂ ചെയ്ഞ്ചിംഗ് നിര്‍ത്തലാക്കിയുള്ള ഡയറക്‌ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് ലഭിക്കുന്ന വരുമാനം നിലനിറുത്താന്‍ സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റ് തുറമുഖങ്ങളില്‍ ക്രൂ ചെയ്‌ഞ്ചിംഗിന് അനുമതി നിഷേധിച്ചപ്പോഴാണ് നിയന്ത്രിത ക്രൂചെയ്ഞ്ച് എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് അനുമതി ലഭിച്ചത്.
കൊച്ചിക്ക് പിന്നാലെ വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗും നിറുത്തിയത് കേന്ദ്ര ഉന്നതതല ഉദ്യോഗസ്ഥ ലോബിയുടെ സമ്മര്‍ദ്ദമെന്ന് ആരോപണം. മൂന്നുമാസം മുമ്ബാണ് ഷിപ്പിംഗ് ഡി.ജിയുടെ ഉത്തരവിറങ്ങിയത്. ചൊവ്വാഴ്ചയാണ് കൊച്ചിയിലെ ക്രൂചെയ്ഞ്ചിംഗ് നിറുത്തലാക്കാന്‍ ഉത്തരവ് ലഭിച്ചത്. തുടര്‍ന്ന് വിഴിഞ്ഞത്തേക്ക് കപ്പലുകള്‍ കൂടുതലെത്തുമെന്നതിനാല്‍ ബുധനാഴ്ച രാത്രിയോടെ വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗും നിറുത്തലാക്കാന്‍ ഉത്തരവിടുകയായിരുന്നു.
ക്രൂ ചെയ്ഞ്ചിംഗ് ആരംഭിച്ച് വെറും ഒമ്പത് മാസം കൊണ്ട് വിഴിഞ്ഞം സെന്റർ ഇരുന്നൂറിലെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ ചുരുങ്ങിയ സമയം കൊണ്ട് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ ഇന്ത്യയിലെ മൈനർ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനവും വിഴിഞ്ഞത്തെ തേടിയെത്തി. 2020 ജൂലൈ 15ന് ലോകത്തെ തന്നെ പടുകൂറ്റൻ ഓയിൽ ടാങ്കറായ എവർഗ്ലോബ് ആണ് ആദ്യമായി വിഴിഞ്ഞത്തെത്തി ക്രൂ ചേഞ്ചിംഗ് നടത്തിയത്. ഇതിനുശേഷം ലോകമെമ്പാടും ചുറ്റിയടിക്കുന്ന ചരക്കുകപ്പലുകൾ തുടർച്ചയായി എത്തിയതോടെ വിഴിഞ്ഞം പോർട്ടിനെ അന്താരാഷ്ട്ര ക്രൂ ചേഞ്ചിംഗ് ആൻ്റ് ബെങ്കറിംഗ് പദവിയിലേക്ക് സർക്കാർ ഉയർത്തി.
ലോകം കൊറോണയുടെ പിടിയിലായതോടെ ലോകമൊട്ടാകെ ലോക്ക്ഡൗണും യാത്രാവിലക്കുകളും ഫ്രഖ്യാപിച്ചതോടെ വിമാന സർവ്വീസുകൾ വരെ നിർത്തലാക്കിയപ്പോഴും തടസമില്ലാതെ വിഴിഞ്ഞത്ത് കപ്പലുകൾക്ക് അടുക്കാനായി. വിദേശികളും ഇന്ത്യക്കാരുമടക്കം നിരവധി പേർ ഇതിനോടകം ഇവിടെ ഇറങ്ങുകയും ഇവിടെ നിന്ന് കപ്പലുകളിൽ കയറിപ്പോവുകയും ചെയ്തു.