തിരുവനന്തപുരം: രണ്ടിരട്ടിയിലധികം ഫീസ് ചുമത്താന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. നവംബര്‍ 13ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം. കോളജുകള്‍ ആവശ്യപ്പെടുന്ന ഫീസ് ഘടന പുറത്തുവന്നതോടെ മെഡിക്കല്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയിലാണ്. ഏഴു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കൂടി പുതിയ ഫീസ് ഘടന ആവശ്യപ്പെട്ട് കത്ത് നല്‍കി.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 85% മെറിറ്റ് സീറ്റില്‍ ഫീസ് നിര്‍ണയസമിതി നിശ്ചയിച്ചത് 6.32 ലക്ഷം മുതല്‍ 7.65 ലക്ഷം വരെ. മാനേജ്മെന്‍റുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 11 മുതല്‍ 22 ലക്ഷം വരെ.
13 ലെ ഹൈക്കോടതി വിധിയില്‍ നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോളജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നല്‍കേണ്ടിവരുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 10 കോളേജുകള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന ഫീസ് ഘടന അറിയിച്ചുകൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വിജ്ഞാപനമിറക്കി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ ഫീസ് നിര്‍ണയിച്ചുള്ള ജസ്റ്റിസ് രാജന്ദ്രബാബു സമിതിയുടെ ഉത്തരവ് കഴിഞ്ഞ മേയ് 19ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
വാദപ്രതിവാദങ്ങള്‍
ആശുപത്രികളുടെ വരവ് ഒഴിവാക്കി കോളജുകളുടെ വരവ് ചെലവ് കണക്കാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ആശുപത്രികളുടെ വരവ് കൂടി ഫീസ് നിര്‍ണയത്തിന് പരിഗണിക്കാമെന്ന സുപ്രീംകോടതി വിധി നിലവിലുണ്ടെന്നും ഇത് കൂടി പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്നുമാണ് ഫീസ് നിര്‍ണയ സമിതിയുടെ വാദം. ആശുപത്രികളുടെ വരവ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വരവ് ചെലവില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവാത്ത ഫീസ് ചുമത്തേണ്ടിവരും.
ഇത് അംഗീകരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതി വിധി പ്രകാരം നേരത്തെ ഒരു തവണ പുതുക്കി നിശ്ചയിച്ച ഫീസ് ഘടന വീണ്ടും മാറ്റുന്നതിനോട് സര്‍ക്കാര്‍ എതിരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എ.എം ഷഫീഖ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ പുനഃക്രമീകരിക്കാന്‍ അവസരം
പുതിയ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് 1 മണി മുതല്‍ നാളെ ഉച്ചക്ക് 12 മണി വരെ ഓപ്ഷന്‍ പുനഃക്രമീകരിക്കാനും അവസരം നല്‍കി. വെള്ളിയാഴ്ചയാണ് ആദ്യ അലോട്ട്മെന്‍റ്. ഉയര്‍ന്ന ഫീസ് ആശങ്കയില്‍ ആദ്യം ആവശ്യപ്പെട്ട കോളേജുകള്‍ ഒഴിവാക്കി മറ്റു സ്വാശ്രയ കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്തേക്കും. മൂന്നിരട്ടി ഫീസ് ആശങ്കയില്‍ എംബിബിഎസ് ഉപേക്ഷിച്ച് ബി ഡി എസ് അടക്കം മറ്റ് കോഴ്സ് ഓപ്ഷനിലേക്ക് മാറുന്നവരും കുറവായിരിക്കില്ല.
ഏഴ് മെഡിക്കല്‍ കോളജുകള്‍ കൂടി ഉയര്‍ന്ന ഫീസ് നിരക്ക് ആവശ്യവുമായി പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് കത്ത് നല്‍കി. കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ കോളജുകള്‍ ആവശ്യപ്പെട്ട ഫീസ് വിവരം അടുത്ത ദിവസം പ്രവേശന പരീക്ഷ കമ്മീഷണര്‍ വിജ്ഞാപനത്തിലൂടെ വിദ്യാര്‍ത്ഥികളെ അറിയിക്കും. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് അസോസിയേഷന് കീഴിലുള്ള നാല് കോളജുകള്‍ 85 ശതമാനം സീറ്റുകളിലേക്ക് 7.65 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്‍.ആര്‍.ഐ ക്വോട്ടയില്‍ 22 ലക്ഷം രൂപ.
പെരിന്തല്‍മണ്ണ എം.ഇ.എസ് 85 ശതമാനം സീറ്റില്‍ 10,48,000 രൂപയും എന്‍.ആര്‍.ഐ സീറ്റില്‍ 23,69,000. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ 85 ശതമാനം സീറ്റില്‍ 12 ലക്ഷം രൂപയും എന്‍.ആര്‍.ഐയില്‍ 25 ലക്ഷം. കൊല്ലം അസീസിയയില്‍ 85 ശതമാനം സീറ്റില്‍ 20,70,000 രൂപയും എന്‍.ആര്‍. ഐ സീറ്റില്‍ 28,75,000.
ആറ് കോളജുകള്‍ക്കും 6,55,500 രൂപയാണ് 85 ശതമാനം സീറ്റിലേക്ക് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചുനല്‍കിയത്. 20 ലക്ഷം രൂപ എന്‍.ആര്‍.ഐ ഫീസും. കഴിഞ്ഞ ദിവസം പത്ത് കോളജുകള്‍ ആവശ്യപ്പെട്ട ഫീസ് വിവരമാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചത്.