തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമനടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. സംഭവത്തില്‍ ഇഡിക്കെതിരെ കേസെടുക്കുന്നതിന് സര്‍ക്കാര്‍ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.
സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവര്‍ എന്ന പേരില്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മൊഴി നല്‍കുന്ന പോലീസ് നീക്കത്തിനെതിരെ ഇഡിയും കസ്റ്റംസും നിയമനടപടിയിലേക്ക് നീങ്ങുകയാണ്. ഇത്തരം മൊഴികളില്‍ നിയമപരമായി ഒരു കഴമ്പുമില്ലെന്നാണ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനു വാഗ്ദാനം നല്‍കിയെന്നാണ് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 13 ന് ചോദ്യം ചെയ്തപ്പോഴാണു മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചതെന്നും മൊഴിയില്‍ പറയുന്നു.
സ്വപ്നയുടെ ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയതാണെന്നും അദ്ദേഹത്തിനു മുഖ്യമന്ത്രിയാണ് ഈ പണം നല്‍കിയതെന്നും പറയണമെന്ന് ഇഡി ആവശ്യപ്പെട്ടതായി സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കിയ പോലീസ് സംഘത്തിലെ റജിമോളാണു ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്. ഇഡി ഡിവൈഎസ്പി രാധാകൃഷ്ണനാണു മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ സ്വപ്നയെ പ്രേരിപ്പിച്ചതെന്നും മൊഴിയില്‍ പറയുന്നു.