തിരുവനനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കേണ്ടതാണെന്ന വ്യവസ്ഥയില്‍ ഈ മാസം മുതല്‍ അനുവദിക്കും.
ഇത് 2021 ജൂണ്‍ ഒന്നു മുതല്‍ പിഎഫില്‍ നിന്നും പിന്‍വലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും. ഓണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവച്ചെങ്കില്‍ തിരികെ നല്‍കും. ഒരു ഉദ്യോഗസ്ഥന് മൂന്നു മാസത്തിനു മുകളില്‍ അവധിയെടുത്താല്‍ പ്രമോഷന് നല്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്കി കൃത്യനിര്‍വഹണം നടത്തും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പൂര്‍ണമായി പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു.