തിരുവനന്തപുരം : സര്‍ക്കാരിന്റെ സൗജന്യ കിറ്റ് ഒരുക്കുന്നതിന് സപ്ലൈകോയുടെ നിര്‍ദ്ദേശപ്രകാരം തുണി സഞ്ചികള്‍ നിര്‍മ്മിച്ചു നല്‍കിയവര്‍ പെട്ടു. ഏപ്രില്‍ വരെ തുണി സഞ്ചികള്‍ വേണമെന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ നിര്‍മ്മിച്ച സഞ്ചികളൊന്നും ഏറ്റെടുക്കാന്‍ സപ്ലൈകോ ഇപ്പോള്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം. തന്നെയുമല്ല കഴിഞ്ഞ നവംബറിന് ശേഷം പലര്‍ക്കും സഞ്ചിയുടെ പണവും നല്‍കിയിട്ടില്ല. ഇതോടെ നിര്‍മ്മാണ യൂണിറ്റുകള്‍ പലതും പ്രതിസന്ധിയിലായി.
കുടുംബശ്രീ യൂണിറ്റുകളിലാണ് സഞ്ചി നിര്‍മ്മിച്ചത്. പണം നല്‍കുവാന്‍ വൈകുമ്പോള്‍ പ്രതിസന്ധിയിലാകുന്നതും അവര്‍ തന്നെ. കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമൊക്കെയാണ് അവര്‍ ഇതിനുള്ള ചെലവ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം ചോദിക്കുമ്പോള്‍ ഫണ്ടില്ലെന്ന സ്ഥിരം മറുപടിയാണെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. പണം കിട്ടാനുള്ളവരുടെ കൂട്ടത്തില്‍ 20 ലക്ഷത്തോളം രൂപ വരെ കിട്ടാനുള്ളവരുണ്ട്. ഓരോ തവണ അന്വേഷിക്കുമ്പോഴും ‘ഉടന്‍ കിട്ടും’ എന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പക്ഷേ കാത്തിരിപ്പ് അനന്തമായി നീളുകയാണെന്ന് അവര്‍ പറയുന്നു.
പെട്ടെന്നു വേണമെന്നു പറഞ്ഞപ്പോള്‍ സഞ്ചികള്‍ വണ്ടിയില്‍ നിറച്ച് കൊണ്ടുപോയി ഓഫിസിന്റെ മൂന്നാം നില വരെ തലയില്‍ ചുമന്ന് ഞങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കിട്ടാനുള്ള 20 ലക്ഷത്തോളം രൂപയ്ക്കായി മാസങ്ങളായി കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. തിരുവനന്തപുരം വര്‍ക്കലയിലെ 2 കുടുംബശ്രീ യൂണിറ്റുകള്‍ക്കു സഞ്ചി നിര്‍മ്മിക്കാന്‍ പണം മുടക്കിയ വനിത ഏറെ വിഷമത്തോടെയാണ് പറയുന്നത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 2.5 ലക്ഷം സഞ്ചികളാണ് ഈ യൂണിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. അതിനായി 40 പേര്‍ ഉറക്കമിളച്ചിരുന്ന് അധ്വാനിച്ചു. എന്നിട്ടും ജോലിക്കൂലിയില്ല.
ഏപ്രിലില്‍ ഒരു ലക്ഷം എണ്ണം കൂടി നല്‍കാമെന്ന് ഏറ്റിരുന്നു. സപ്ലൈകോ എടുക്കാതായതോടെ 20,000 സഞ്ചികള്‍ ഇവരുടെ യൂണിറ്റില്‍ കെട്ടിക്കിടക്കുകയാണ്. പുറമെ സഞ്ചിയുണ്ടാക്കാന്‍ വാങ്ങിയ തുണിയും. പണം കടം വാങ്ങിയാണ് തുണിയെടുത്തത്. ജനുവരിയില്‍ അധികൃതര്‍ തിരക്കിട്ടാണ് സഞ്ചികള്‍ ആവശ്യപ്പെട്ടത്. 3 ദിവസംകൊണ്ട് 19,500 എണ്ണം ഇവര്‍ തയ്ച്ചു നല്‍കി. എന്നാല്‍ മാര്‍ച്ചില്‍ ആകെ തയാറാക്കിയ ഒരു ലക്ഷത്തിലേറെ സഞ്ചികളില്‍ കുറച്ചു മാത്രമേ സപ്ലൈകോ കൊണ്ടുപോയുള്ളൂ.
ഒരു സഞ്ചിക്ക് 13 രൂപയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സപ്ലൈകോ നല്‍കുന്നത്. തുണിയും മറ്റു സാമഗ്രികളും വാങ്ങി തയ്ച്ചെടുക്കാനുള്ള ചെലവു കണക്കാക്കിയാല്‍ വലിയ ലാഭമൊന്നും ഈ വനിതകള്‍ക്കു കിട്ടുന്നില്ല. പക്ഷേ അതിനു പുറമെ ചെലവുകള്‍ വേറെയുമുണ്ട്. സഞ്ചികള്‍ സപ്ലൈകോ ഡിപ്പോകളില്‍ ഇവര്‍ എത്തിക്കേണ്ടത് സ്വന്തം ചെലവിലാണ്. അതിനുള്ള വണ്ടിക്കൂലി കൂടിയാകുമ്പോള്‍ ലാഭം വളരെ നേര്‍ത്തതാകുന്നു. തിരുവനന്തപുരം ജില്ലയിലെ ചില സംരംഭകര്‍ ഇങ്ങനെ സഞ്ചികള്‍ ഇറക്കിത്തുടങ്ങിയ ശേഷം ചുമട്ടുതൊഴിലാളികള്‍ അവകാശം പറഞ്ഞെത്തി. അവരുടെ കൂലി കൂടി നല്‍കിയതോടെ മിച്ചം അധ്വാനം മാത്രമായി.
സഞ്ചിയില്‍ സപ്ലൈകോ മുദ്രയും മറ്റും പ്രിന്റ് ചെയ്തു കൊടുക്കണമെന്ന് ഇടയ്ക്കു നിര്‍ദേശമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ സംരംഭകര്‍ സഞ്ചികള്‍ ഇത്തരത്തില്‍ നല്‍കി. അതിന്റെ ചെലവും ലാഭത്തില്‍നിന്നു ചോര്‍ന്നതോടെ സംരംഭകര്‍ പരാതിപ്പെട്ടു. പ്രിന്റിങ് വേണ്ടെന്നു പിന്നാലെ നിര്‍ദ്ദേശം വന്നു. അതിനകം പ്രിന്റ് ചെയ്യാനുള്ള മഷിയും മറ്റും വാങ്ങിയ വകയില്‍ മിക്കവര്‍ക്കും നഷ്ടമുണ്ടായി. ചില യൂണിറ്റുകള്‍ കടമുറി വാടകയ്ക്ക് എടുത്താണ് സഞ്ചി നിര്‍മ്മിച്ചതും സംഭരിച്ചതും മറ്റും. സപ്ലൈകോയില്‍നിന്നു പണം കിട്ടാതായതോടെ മുറിയുടെ വാടകയും ബാധ്യതയാകുന്നു.
തിരുവനന്തപുരം ജില്ലയിലെതന്നെ മറ്റൊരു കുടുംബശ്രീ പ്രവര്‍ത്തക ഏപ്രില്‍ വരെ ഓര്‍ഡര്‍ ലഭിക്കുമെന്ന് അറിയിച്ചതു പ്രകാരം ധാരാളം തുണി വാങ്ങി സഞ്ചിയുണ്ടാക്കി. പക്ഷേ, മാര്‍ച്ചില്‍ സപ്ലൈകോ സഞ്ചി വാങ്ങിയില്ല. പല തവണ അപേക്ഷിച്ചപ്പോള്‍ കുറച്ച് എടുത്തു. നവംബറില്‍ കൊടുത്തതിന്റെ പണം ഉള്‍പ്പെടെ കിട്ടാനുണ്ട്. അത് 5 ലക്ഷത്തിലേറെ വരും പറയുന്നു.
നെടുമങ്ങാട് പ്രദേശത്തെ അവരുടെ യൂണിറ്റില്‍ ഇപ്പോള്‍ 16,000 സഞ്ചിയും 3000 മീറ്ററിലേറെ തുണിയും ബാക്കിയിരിക്കുന്നു. കൊല്ലത്തുനിന്നാണ് ഇവര്‍ തുണി വാങ്ങിയിരുന്നത്. ഏപ്രില്‍ വരെ ഓര്‍ഡര്‍ ലഭിക്കുമെന്നു കേട്ട് അവര്‍ മലപ്പുറത്തുനിന്ന് അല്‍പം കൂടി ലാഭത്തിനു തുണി വാങ്ങി. അതിപ്പോള്‍ പാഴ്വേലയായി.
സപ്ലൈകോ എടുക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്ന സഞ്ചികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കോ മറ്റോ നല്‍കാമെന്നു വച്ചാല്‍ അതിനും വഴിയില്ലെന്നാണ് സംരംഭകര്‍ പറയുന്നത്. കച്ചവടം കുറവായതിനാല്‍ പലയിടത്തും തുണിസഞ്ചി എടുക്കുന്നില്ല. ചിലയിടങ്ങളില്‍ നിലവാരം കൂടിയ തുണികൊണ്ടു നിര്‍മ്മിച്ചവ വേണം. ചിലര്‍ വാങ്ങാന്‍ തയാറാണ്. പക്ഷേ നിര്‍മ്മാണ ചെലവിനെക്കാള്‍ വളരെ കുറഞ്ഞ വിലയാണ് വാഗ്ദാനം ചെയ്യുന്നത്.
ഹിറ്റായ കിറ്റിന്റെ പേരില്‍ വോട്ട് പിടിച്ചിട്ടും സഞ്ചിയുടെ പണം നല്‍കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ ശുഷ്‌കാന്തിയില്ല. സര്‍ക്കാരിന്റെ വാക്ക് കേട്ട് തുണി വാങ്ങി സഞ്ചി തുന്നിയവര്‍ പിഞ്ചിയ തുണിയുടെ അവസ്ഥയിലാണ്