മലപ്പുറം: അധികാരത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സര്‍ക്കാര്‍ കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്നടിഞ്ഞ മലപ്പുറം കവളപ്പാറയെ മറന്നു. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയെങ്കിലും ഒന്നും നടപ്പിലാക്കിയില്ല. 64 വീടുകള്‍ക്കൊപ്പം 59 മനുഷ്യരും അപ്രത്യക്ഷമായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ഉറ്റവര്‍ക്കൊപ്പം കിടപ്പാടവും നഷ്ടമായ 11 ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്‍ പഞ്ചായത്തിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുകയാണ്.
മണ്ണില്‍ പൂണ്ടുപോയ ഉറ്റവരെയെല്ലാം കണ്ടെത്തും മുമ്പേ ക്യാംപിലെത്തിയവരാണ് ഇവരെല്ലാം. കോളനി ആകെ ഒഴുകിപ്പോയപ്പോള്‍ പകരം ഭൂമിയും വീടും നല്‍കാമെന്നുള്ള വാഗ്ദാനം ജലരേഖയായി. അപകടമുണ്ടായ ഓഗസ്റ്റ് മാസം തന്നെ സര്‍ക്കാര്‍ ഇക്കാര്യം വാഗ്ദാനം ചെയ്തതാണ്. മുഖ്യമന്ത്രി അടക്കമുളളവര്‍ കവളപ്പാറയിലെത്തി ദുരിതം നേരില്‍ കണ്ടതാണ്. എന്നിട്ടും തല ചായ്ക്കാന്‍ വീടു പോയിട്ട് ഇവര്‍ക്ക് ഭൂമി വാങ്ങുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ പോലും ഒദ്യോഗിക സംവിധാനങ്ങള്‍ക്കായിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഒരു ചുവടുപോലും മുന്നോട്ടു വച്ചതായി ക്യാമ്പില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ക്കറിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോഴും സന്നദ്ധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പണിയുന്ന വീടുകളുടെ നിര്‍മ്മാണം കവളപ്പാറ മേഖലയില്‍ പുരോഗമിക്കുന്നുമുണ്ട്.