പറവൂര്‍ : മുനിസിപ്പല്‍ റിക്രിയേഷന്‍ സ്റ്റേഡിയത്തിലെ ഗാലറി പൊളിച്ച് നീക്കാന്‍ സര്‍ക്കാറിന്റെ ഉത്തരവ്. തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ലഭിച്ചതായി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജി നമ്പിയത്ത് അറിയിച്ചു. നവീകരണത്തിന് മുന്നോടിയായി അശാസ്ത്രീയമായി നിര്‍മിച്ച ഗാലറി നീക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ തീരുമാനം സര്‍ക്കാറിലേക്ക് അയച്ചിരുന്നു. തുടര്‍ന്നാണ് അനുവാദം കിട്ടിയത്. രണ്ട് ഏക്കറിലേറെ സ്ഥലമുള്ള മൈതാനമാണ് ഇത്. ഏറെക്കാലമായി സ്റ്റേഡിയം നാശത്തിന്റെ വക്കിലാണ്. ഇവിടം കന്നുകാലികളുടെ മേച്ചില്‍ പുറവും സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറി.
ശുചിമുറി, ശുദ്ധജലം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേര്‍ന്ന് സ്റ്റേഡിയം പുനരുദ്ധരിക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും നടപ്പായില്ല. ക്രിക്കറ്റ്, ഫുട്ബാള്‍, അത്ലറ്റിക്സ് പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി സ്റ്റേഡിയം നവീകരിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ തീരുമാനമെടുത്തിരുന്നു. നവീകരണത്തിനായി രണ്ട് കോടി രൂപ അദ്ദേഹം അനുവദിക്കുകയും ചെയ്തു. ഗാലറി പൊളിച്ച് നീക്കാനുള്ള അനുവാദം ലഭിക്കാന്‍ വൈകിയതും കോവിഡ് പ്രതിസന്ധിയും കാരണം നവീകരണം നടത്താനായില്ല.