തിരുവനന്തപുരം : പിരിച്ചെടുക്കാനുള്ള 34000 കോടി നികുതി പിരിച്ചെടുക്കാതെ ജനത്തെ പിഴിയുന്നെന്ന് വിമര്‍ശിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ നിരാകരിക്കാനാണ് സാധ്യത. സി.എ.ജി റിപ്പോര്‍ട്ടിലെ വിമര്‍ശനം അന്തിമമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാണ് ഇതില്‍ അവസാന തീരുമാനമെടുക്കുക.
സി.എ.ജി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണുന്ന പ്രശ്നങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ജനുവരി വരെ മാത്രം പിരിച്ചെടുക്കാനുള്ളത് 12923.21 കോടിയുടെ നികുതിയാണെന്നും 20-21ല്‍ 21,797 കോടി റെക്കോഡ് കുടിശ്ശിയുണ്ടെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 34,000 കോടി കവിയും ആകെ കുടിശ്ശിക.
വിവിധ വകുപ്പുകളുടെ ക്രമക്കേടും വഴിവിട്ടുള്ള ആനുകൂല്യം നല്‍കലും ഒഴിവാക്കിയാല്‍പ്പോലും നിലവിലുള്ളതിന്‍റെ 25 ശതമാനം അധികവരുമാനം കിട്ടുമെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. എക്സൈസ്, രജിസ്ട്രേഷന്‍ വകുപ്പുകളുടെ ക്രമക്കേടിലൂടെ കുടിശികയുടെ ഇരട്ടിയോളം തുക നഷ്ടമാകുന്നെന്ന ഗുരുതര ആരോപണവും ഇന്നലെ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലുണ്ട്.
കിഫ്ബിക്കെതിരെ ആരോപണമുനനയിച്ചപ്പോള്‍ രാജ്യത്തെ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിന്‍റെ (സി.എ.ജി) റിപ്പോര്‍ട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരുമ്പോള്‍ കണക്കുകള്‍ ഇങ്ങനെയല്ലെന്ന് സ്ഥാപിച്ച ശേഷം റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി വിമര്‍ശനങ്ങളടങ്ങിയ ഭാഗം നിരാകരിക്കാനാണ് എല്ലാ സാധ്യയതയും. അല്ലെങ്കില്‍ സര്‍ക്കാരിന് ഈ റിപ്പോര്‍ട്ട് വലിയ ക്ഷീണമുണ്ടാക്കും.
2021 ജനുവരിയില്‍ കിഫ്ബിക്കെതിരായ അതിരൂക്ഷ വിമര്‍ശനമടങ്ങിയ സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. കിഫ്ബിയുടെ മസാലാബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിവാദ പരാമര്‍ശമടങ്ങിയ മൂന്നു പേജുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ സഭ നിരാകരിച്ചു.
പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനൊടുവില്‍ ശബ്ദവോട്ടോടെ സി.എ.ജിയെ തള്ളുന്ന പ്രമേയം പാസാക്കുകയായിരുന്നു. കരടിലില്ലാത്ത ചില ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിലൂടെ ബാധിക്കപ്പെടുന്ന വകുപ്പിന്‍റെ ഭാഗം കേള്‍ക്കാതെ സി.എ.ജി സ്വാഭാവിക നീതി ലംഘിച്ചെന്നും ഇതിലൂടെ റിപ്പോര്‍ട്ടിന്‍റെ അടിത്തറ ഇളകിയെന്നും പ്രമേയത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെറ്റായ കീഴ്‌വഴക്കം അംഗീകരിച്ചാല്‍ എക്സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മിലുള്ള പരസ്പര ഉത്തരവാദിത്വം അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നെന്ന അപഖ്യാതി ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളതിനാലാണ് പ്രമേയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സി.എ.ജി ഓഡിറ്റ് നടത്തുമ്പോള്‍ കരട് റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പിന് നല്‍കി അഭിപ്രായം തേടാറുണ്ട്. ഇതുകൂടി പരിഗണിച്ചാവും അന്തിമ റിപ്പോര്‍ട്ട്. കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ ബോധപൂര്‍വം സി.എ.ജി മറികടന്നെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്ന് സര്‍ക്കാര്‍ നിരാകരിച്ച പ്രസക്ത ഭാഗങ്ങള്‍ ഇവയായിരുന്നു. മസാല ബോണ്ടു വഴിയുള്ള വിദേശ കടമെടുപ്പുകളുടെ മൊത്തം തിരിച്ചടവും സര്‍ക്കാരിന്‍റെ തനത് റവന്യു വിഭവങ്ങള്‍ വഴിയായതിനാല്‍ ഇവ ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവും കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവുമായി കാണാം.
സംസ്ഥാന സര്‍ക്കാരിന് കിഫ്ബി വഴി വിദേശ കടമെടുപ്പിന് അവസരം നല്‍കിയതിനാല്‍ കിഫ്ബിക്ക് മസാലബോണ്ടുകളിറക്കാന്‍ ആര്‍.ബി.ഐ നല്‍കിയ അനുമതിയും ചോദ്യം ചെയ്യപ്പെടാവുന്നത്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും തുടരുന്ന പക്ഷം ഇത്തരം ബാദ്ധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നത് കേന്ദ്രത്തിന്റെ അറിവില്‍പ്പെടാതെ തന്നെ രാജ്യത്തിന്റെ ബാഹ്യമായ ബാധ്യതകള്‍ ഗണ്യമായി വര്‍ദ്ധിക്കാനിടയാക്കും.
ഇവ ഓഫ് ബഡ്ജറ്റ് കടമെടുപ്പുകളാണെങ്കിലും സംസ്ഥാന സര്‍ക്കാരിന് മേല്‍ സൃഷ്ടിക്കപ്പെടുന്ന ബാദ്ധ്യത യഥാര്‍ത്ഥവും പൂര്‍ണവുമാണ്. കടമെടുപ്പ് ആകസ്മിക ബാദ്ധ്യതകളാണെന്ന നിലപാട് ആശ്ചര്യകരം. വരുമാനസ്രോതസ്സില്ലാത്ത ഏതെങ്കിലും സംസ്ഥാനം പണം കടമെടുക്കുകയും സര്‍ക്കാരിന്‍റെ തനത് വിഭവങ്ങളുടെ പങ്ക് മാറ്റിവെച്ച് തിരിച്ചടവ് നടത്തുകയും ചെയ്താല്‍ അതുകൊണ്ടുതന്നെ ഇത്തരം കടമെടുപ്പുകള്‍ ആകസ്മിക ബാദ്ധ്യതയല്ലാതാവും.
ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 293ന് കീഴില്‍ സര്‍ക്കാരിന്‍റെ കടമെടുപ്പിന് നിശ്ചയിച്ച പരിധി ബൈപ്പാസ് ചെയ്യുന്നതും പട്ടിക ഒന്നിലെ 37-ാം എന്‍ട്രിയുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നതും. ബഡ്ജറ്റില്‍ വെളിപ്പെടുത്താതെ ഇത്തരം ബാദ്ധ്യതകള്‍ സൃഷ്ടിക്കുന്നത് സുതാര്യതയില്‍ സംശയം ജനിപ്പിക്കുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.