സൂററ്റ് : ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കി വിദ്യാഭ്യാസ സഹമന്ത്രി പ്രഫുല്‍ പന്‍ഷെരിയ. സൂററ്റിലെ കാംറെജ് മേഖലയിലെ ദുംഗ്‌ര ഗ്രാമത്തില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ നടപടി. സ്‌കൂളിലെ ശുചിമുറി വൃത്തിഹീനമായി കണ്ടതോടെ അദ്ദേഹം തന്നെ വൃത്തിയാക്കുകയായിരുന്നു. ട്വിറ്ററില്‍ അടക്കം ശുചിമുറി വൃത്തിയാക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി അധ്യാപകര്‍ക്ക് എന്തുചെയ്യാമെന്നതിന് മാതൃക നല്‍കുകയായിരുന്നു എന്നാണ് നടപടിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം. വളരെ മോശമായ സാഹചര്യത്തിലായിരുന്നു വിദ്യാലയത്തിലെ ശുചിമുറികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇക്കാര്യത്തില്‍ മന്ത്രി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷവും അവസ്ഥയില്‍ മാറ്റമൊന്നും ഇല്ലാതെ വന്നതോടെയാണ് മന്ത്രി തന്നെ ശുചീകരണത്തിന് നേരിട്ടിറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.
പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി അക്കാദമികവും ഭരണപരവുമായ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധനയ്ക്കിടെ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ ശുചിമുറി അദ്ദേഹം വൃത്തിയാക്കിയത്. പൊതുജന ശ്രദ്ധ നേടാനുള്ള പ്രഹസനമാണെന്ന വിമര്‍ശനവും മന്ത്രിക്കെതിരെ ഉയരുന്നുണ്ട്.