അടൂർ: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ജെല്ലിക്കെട്ട് വിധി കേരളത്തിലെ മരമടി സംഘാടകരെ ആശയക്കുഴപ്പത്തിലാക്കി. കേരളത്തിലെ കാർഷീക ഉത്സവമായ മരമടിയും നടത്താമെന്ന ചില പത്രവാർത്തകളാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. 2014 ൽ ജെല്ലിക്കെട്ട് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള സുപ്രീം കോടതി വിധിയാണ് കേരളത്തിലെ മരമടി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മൃഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്സവങ്ങൾക്ക് വിലക്ക് വീണത്.
എന്നാൽ ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടിൽ സമരം ശക്തമായപ്പോൾ 2017 ജനുവരിയിൽ അതത് സംസ്ഥാനങ്ങൾ ബിൽ പാസാക്കി ജെല്ലിക്കെട്ടിന് സമാനമായ ഉത്സവങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി കൊടുത്തു. ഇതിൻപ്രകാരം തമിഴ്നാടും കർണാടകവും മഹാരാഷ്ട്രയും അവരുടെ നിയമ സഭകളിൽ ബിൽ പാസാക്കി അവരുടെ ഉത്സവം ആരംഭിച്ചു. ഇത് എല്ലാ വർഷവും നടത്തിവരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് മൃഗസ്നേഹികളുടെ സംഘടന വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി അത് ഭരണഘടനാ ബഞ്ചിനു വിടുകയും മാസങ്ങളുടെ വാദപ്രതിവാദങ്ങൾക്ക് ശേഷം ബിൽ പാസാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് മൃഗസ്നേഹികളുടെ ഹർജി തള്ളുകയും ചെയ്തു.
എന്നാൽ കേരള സർക്കാർ നാളിതുവരെയും ഈ ബിൽ നിയമസഭയിൽ പാസാക്കിയിട്ടില്ല. വാദ സമയത്ത് സുപ്രീം കോടതി കേരള സർക്കാരിനോട് അഭിപ്രായം ചേദിക്കുകയും സർക്കാർ അനുകൂലമായ മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും കോടതി അഭിപ്രായം ചോദിച്ചതിന്റെ പേരിൽ ബിൽ പാസാക്കാതെ എങ്ങനെ ഈ ഉത്സവം കേരളത്തിൽ നടത്താൻ സാധിക്കും എന്നാണ് കർഷകർ ചോദിക്കുന്നത്. സർക്കാർ ഇതുവരെയും ഈ വിഷയത്തിൽ ഒരു പ്രസ്താവന ഇറക്കിയിട്ടില്ല. മരമടി ഉത്സവത്തിന്റെ സീസൺ അടുത്തു വരുന്നതിനാൽ സർക്കാർ ഈ വിഷയത്തിൽ ഒരു പ്രസ്താവന ഇറക്കണമെന്ന് പത്തനംതിട്ട ജില്ലയിൽ നടന്നു വന്നിരുന്ന ഏക മരമടി ഉത്സവത്തിന്റെ സംഘാടകരായ ആനന്ദപ്പള്ളി കർഷക സമിതി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15ന് നാളുകളായി നടന്ന് വന്നിരുന്ന ആനന്ദപ്പള്ളി മരമടി ആഘോഷത്തോടെയാണ് തെക്കൻ കേരളത്തിലെ മരമടി മഹോത്സവത്തിന് തുടക്കം കുടിക്കുന്നത്. അതിനായി 2 മാസങ്ങൾക്ക് മുൻപുതന്നെ നിലം ഒരുക്കലും ഉരുക്കളുടെ പരിശീലനവും ഒക്കെ തുടങ്ങണം. ഔദ്യോഗിക തലത്തിലെ വ്യക്തമായ തീരുമാനം ഉണ്ടായെങ്കിൽ മാത്രമേ ഏറെ സാമ്പത്തിക ബാധ്യതയുള്ള ക്രീകരണങ്ങളിലേക്ക് കർഷകർക്ക് കടക്കുവാൻ സാധിക്കൂ. എങ്കിലും ഈ മേഖലയിൽ താത്പര്യമുള്ള കർഷകർക്ക് സുപ്രീം കോടതി വിധിയിൽ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. കേരള നിയമസഭയിൽ മുൻകാലങ്ങളിൽ എടുത്ത തീരുമാനങ്ങളും ഇപ്പോഴത്തെ കോടതി വിധിയും ശുഭപ്രതീക്ഷയർപ്പിച്ചിരിക്കുന്ന കർഷക സമൂഹം സർക്കാരിന്റെ പച്ചക്കൊടിക്കായി കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്.