കവരത്തി : ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് വ്യാപക എതിര്‍പ്പിനെതുടര്‍ന്ന് പിന്‍വലിച്ചു. ജീവനക്കാരും നാട്ടുകാരും ഉത്തരവില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ പരസ്യമായി തുടങ്ങിയതോടെയാണ് പ്രാദേശിക മത്സ്യബന്ധന ബോട്ടുകളില്‍ രഹസ്യവിവര ശേഖരണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. കപ്പലുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഇറക്കിയ ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്. മേയ് 28നും ജൂണ്‍ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചുള്ള പുതിയ പരിഷ്കാരങ്ങള്‍ പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ്മ നടപ്പാക്കിയത്. ഇതുപ്രകാരം ഷിപ്പുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവല്‍ രണ്ടാക്കി ഉയര്‍ത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു.
എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോകണമെന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് കൈമാറണം എന്നുമായിരുന്നു നിര്‍ദ്ദേശം. ജീവനക്കാര്‍ ബോട്ടില്‍ കയറുന്നതിനോട് തൊഴിലാളികള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നു. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്റ് ഏവിയേന്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കില്‍ സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടെത്താന്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അടക്കം നിലവില്‍ പരിശോധന നടത്തുന്നുണ്ട്. ലോക്കല്‍ പോലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളില്‍ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. എട്ട് മുതല്‍ 10 മണിക്കൂര്‍വരെ കടലില്‍ ജോലി ചെയ്യേണ്ടിവരുന്നത് പരിചയമില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കും ഈ സാഹചര്യത്തില്‍ തീരുമാനത്തില്‍ നിന്ന് പിന്‍വലിക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം.
ബോട്ടിലെയും ജെട്ടിയിലേയും സുരക്ഷയുമായി ബന്ധപ്പെട്ട പോര്‍ട്ട് ഡയറക്ടറുടെ ഉത്തരവുകള്‍ മാത്രമാണ് നിലവില്‍ പിന്‍വലിച്ചിട്ടുള്ളത്. ദ്വീപിലെ യാത്ര നിയന്ത്രണം ഉള്‍പ്പെടെയുള്ള മറ്റു വിവാദ ഉത്തരവുകളൊന്നും പിന്‍വലിച്ചിട്ടില്ല.