പത്തനംതിട്ട : സി പി എം നേതാക്കളുടെ പീഡനത്തെ തുടർന്ന് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പെരുനാട് മേലേതിൽ ബാബുവാണ് പാർട്ടി നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്. വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തെ ചൊല്ലി സി പി എം നേതാക്കളും ബാബുവുമായി തർക്കമുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിനും പഞ്ചായത്ത് പ്രസിഡന്റും പെരുനാട് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായപിഎസ് മോഹനനും തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
പ്രതിസന്ധിയിൽ പോകുന്ന പെരുനാട് സഹകരണ ബാങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന് 3 ലക്ഷം രൂപയും ലോക്കൽ സെക്രട്ടറി റോബിനും മറ്റൊരു പഞ്ചായത്തംഗം ശ്വാമിനും ഒരു ലക്ഷം വീതം നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതായും ബാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പോലീസ് നീക്കി.