കുമ്പനാട് : കടപ്ര തട്ടക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാൻറ് പ്രവർത്തനം നിർത്തിവെച്ചു. പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്ലാന്റ് കവാടം ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടർന്ന് 25ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിന് നൽകിയ അനുമതി റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെ പ്ലാൻറ് പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജനങ്ങൾ സംഘടിക്കുകയും പ്ലാന്റിലേക്കുള്ള വഴി ഉപരോധിക്കുകയും ചെയ്തു. തുടർന്ന് പത്താം വാർഡ് മെംബർ മുകേഷ് മുരളി പഞ്ചായത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് വാങ്ങി സമരസമിതിക്കും കോയിപ്രം പോലീസിനും നൽകി.
പ്ലാന്റിന് നൽകിയ അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപരോധത്തിന് ചെയർമാൻ ബിജു കുഴിയുഴത്തിൽ, എസ്. രാജീവൻ, കെ.എം. തോമസ്, അഡ്വ. ജെസി സജൻ, ശ്രീകല ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എ.കെ. സന്തോഷ് കുമാർ, ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡൻറ് ദീപ ജി. നായർ, സെക്രട്ടറി രഘുവരൻ കോയിപ്രം, എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പത്തനംതിട്ട ജില്ല സെക്രട്ടറി ബിനു ബേബി, ശരണ്യ രാജ് എന്നിവരും എത്തിയിരുന്നു. ഇതേ സമയം ഡി.വൈ.എഫ്.ഐ ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്ലാന്റിന് സ്റ്റോപ് മെമ്മോ എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.എസ്. രാജീവ്, ജില്ല കമ്മിറ്റി അംഗം അനീഷ് കുന്നപ്പുഴ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രാഹുൽ ഗോബി, വനമാലി ശർമ, ജയ്സൻ ജോസ്, സിബി കുമ്പനാട്, മിഥുൻ പുറമറ്റം, ജിൻസൺ കുമ്പനാട്, ഷൈൻ കുമ്പനാട് എന്നിവർ പങ്കെടുത്തു.