പത്തനംതിട്ട : കഴിഞ്ഞ വർഷം മാർച്ച് 24ന് ട്രഷറി അടച്ചു പൂട്ടിയതു മൂലവും കടുത്ത ട്രഷറി നിയന്ത്രണം മൂലവും ഒരു ലക്ഷം രൂപയിൽ കൂടുതൽ ബിൽ തുക മാറാതെ ഇരുന്നതു മൂലം ഗ്രാമ പഞ്ചായത്തുകൾക്ക് നഷ്ടപ്പെട്ട തുക തിരികെ നൽകണം എന്ന് ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് റ്റി കെ ജയിംസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ ക്യൂ ബില്ലുകളുടെ തുക ഈ വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും ചിലവഴിച്ചതിനാൽ ഈ സാമ്പത്തിക വർഷത്തെ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് പണം നൽകാൻ ഗ്രാമ പഞ്ചായത്തുകൾക്ക് സാധിക്കുന്നില്ല. ലൈഫ് വീടുകൾ, വീട് മെയിന്റയിൻസ്, വൃക്തിഗത ആനുകൂലൃങ്ങൾ, പ്രദേശിക സാമ്പത്തിക വികസനത്തിന് ലക്ഷ്യമിട്ട് സംരംഭകർക്കുള്ള ധനസഹായം എന്നിവയല്ലാം മുടങ്ങും കഴിഞ്ഞ വർഷം ഏകദേശം 500 കോടിരൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു.
ഈ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് തിരികെ നല്കണമെന്നും എഞ്ചിനീയർമാർ ഇല്ലാത്തതിനാൽ സാങ്കേതിക അനുമതി വൈകിയതു മൂലവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു മരാമത്ത് പണികൾ 50% പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും ടെൻഡർ നടപടികൾ നടക്കുന്നതേയുള്ളു. എല്ലാ സ്ഥാപനത്തിനും എഇമാരെ നിയമിച്ചു വരുന്നതേയുള്ളു. അതിനാൽ റോഡ്, നോൺ റോഡ്, മെയിന്റയിൻസ് ഗ്രന്റ് വഴി നടപ്പിലാക്കുന്ന പൊതു മരാമത്ത് പണികൾ പൂർത്തികരിക്കുന്നതിന് ജൂൺ മാസം 30 വരെ കാലാവധി അനുവദിക്കണമെന്നും മെയിൻന്റയിൻസ് ഗ്രാന്റ് വാണിജ്യ നികുതി വിഹിതത്തിൽ നിന്നും നൽകുന്നതിനാൽ കാലാവധി നീട്ടുന്നതിന് സാങ്കേതിക തടസ്സം ഉണ്ടാകില്ല എന്നും ധന സ്ഥിതി മെച്ചപ്പെട്ടു എന്ന് ധന മന്ത്രി തന്നെ പറഞ്ഞിട്ടുള്ളതിനാൽ പഞ്ചായത്തുകളുടെ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്നും ടി.കെ.ജയിംസ് ആവശ്യപ്പെട്ടു.