മലപ്പുറം: നിലമ്പൂര്‍ അമരമ്പലത്ത് ഇന്നലെ പുലര്‍ച്ചെ പുഴയില്‍ പോയ മുത്തശ്ശിയെയും 12 കാരിയെയും കണ്ടെത്താനായില്ല. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താന്‍ ഉള്ളത്. വ്യാഴാഴ്ച തിരച്ചില്‍ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. ഇന്ന് വീണ്ടും തിരച്ചില്‍ തുടരും. മലപ്പുറം നിലമ്പൂര്‍ അമരമ്പലത്തു ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് പുഴയില്‍ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്ന് പേരെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു സ്ത്രീയെ മൂന്നു കിലോമീറ്റര്‍ അകലെ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ടു പേര്‍ക്കായി തെരച്ചിലും തുടരുകയായിരുന്നു. എന്നാല്‍ തിരച്ചില്‍ തുടങ്ങി രണ്ടാം ദിവസവും ഇരുവരേയും കണ്ടെത്താനായിട്ടില്ല.
അതേസമയം, ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വൈകിട്ട് മുന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രനാണ് മരിച്ചത്.