തിരുവല്ല: കൊച്ചുമകളെ വെട്ടിയ കേസിൽ ഒളിവിലായിരുന്ന മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം കോച്ചാരിമുക്കം സ്വദേശി കമലാസനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇയാളെ ക്വാറൻ്റീനിലാക്കി.
കൂട്ടുകാരുമൊത്ത് വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യംചെയ്തതിനാണ് പ്ലസ്ടു വിദ്യാർഥിനിയായ കൊച്ചുമകളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ജൂലായ് ഒൻപതിന് നടന്ന സംഭവത്തെ തുടർന്ന് ഒളിവിലായിരുന്നു.
കോച്ചാരിമുക്കത്തെ മത്സ്യവ്യാപാരിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ കമലാസനനും ഉണ്ടെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി. ഓഗസ്റ്റ് ഒന്നിന് മകനൊപ്പം താലൂക്ക് ആശുപത്രിയിലെത്തി സ്രവം നൽകി. ഫലം പോസിറ്റീവ് ആയതോടെ കോഴഞ്ചേരിയിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലാക്കി.
വെട്ടേറ്റ് കൊച്ചുമകളുടെ കൈകളിൽ എട്ട് തുന്നൽ ഇട്ടിരുന്നു. പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് നടന്നില്ല. ഡിസ്ചാർജ് ചെയ്തതിന് ശേഷം കമലാസനനെ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പൻ പറഞ്ഞു.