തിരുവനന്തപുരം : പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം എല്ലാ വ്യക്തികളുടെയും കണ്ണീരൊപ്പുക എന്നതാണെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇതു സാധ്യമാക്കുകയാണ് കേരളം. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെ മുഴുവന്‍ ജനതയുടെയും കണ്ണീരൊപ്പുകയാണ് കേരളം. കേരളത്തില്‍ സര്‍ക്കാരുകള്‍ മാറി മാറി അധികാരത്തില്‍ വരുന്നുണ്ടെങ്കിലും പഞ്ചായത്തിരാജിനോടുള്ള സമീപനത്തില്‍ മാറ്റം വരുന്നില്ല. പഞ്ചായത്തിരാജ് രാഷ്ട്രീയ വിഷയമല്ല, മറിച്ച് ജനങ്ങളുടെ വിഷയമാണ്. ഈ മികവു തുടരാന്‍ കഴിയണം.
പ്രാദേശിക സര്‍ക്കാരുകളുടെ ശാക്തീകരണം തുടര്‍ പ്രക്രിയയാണ്. ഇക്കാര്യത്തില്‍ വലിയ പുരോഗതി നേടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നഗരവത്കരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെല്‍ജിയം നടപ്പാക്കുന്ന നാഗരിക പഞ്ചായത്ത് രാജ് മാതൃക പഠനവിധേയമാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ പകുതിയോളം നഗരങ്ങളായി മാറിയ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് നിയമം പകുതി കാലാവധി കഴിഞ്ഞതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നഗരവല്‍ക്കരണ വെല്ലുവിളികള്‍ നേരിടാന്‍ കേരളം തയ്യാറാകണം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യണം. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നഗരമേഖലയിലും ശക്തിപ്പെടുത്തണം. 1960കളില്‍ ബിഹാറിനൊപ്പമായിരുന്ന കേരളത്തിന്റെ ദാരിദ്രനിരക്ക് ഇപ്പോള്‍ 0.4 % ആയി കുറഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.