പത്തനംതിട്ട : കണ്ണൂർ എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയിലെ 95 ശതമാനം വില്ലേജ് ഓഫീസിലും ജീവനക്കാർ കൂട്ടയവധിയെടുത്തു. റവന്യൂ ജീവനക്കാർ ഹാജരാകാതിരുന്നതോടെ മിക്ക ഓഫീസുകളും അടഞ്ഞുകിടന്നു. പത്തനംതിട്ട കളക്ടറേറ്റിൽ 141 ഉദ്യോഗസ്ഥരിൽ ജോലിക്കുഹാജരായത് നാലുപേർ മാത്രം. മറ്റുള്ളവർ കളക്ടറേറ്റിൽ എത്തിയെങ്കിലും ഹാജർ രേഖപ്പെടുത്താതെ സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തു. തിരുവല്ല താലൂക്ക് ഓഫീസും പരിധിയിലുള്ള 12 വില്ലേജ് ഓഫീസുകളും പ്രവർത്തിച്ചില്ല.
മല്ലപ്പള്ളി താലൂക്ക് ഓഫീസിലും ഒൻപത് വില്ലേജ് ഓഫീസുകളിലുമായി 75 ജീവനക്കാരിൽ തഹസിൽദാർ ഒഴികെ 74 പേരും അവധിയിലായിരുന്നു. അടൂർ താലൂക്കിലേയും ആർ.ഡി.ഒ. ഓഫീസിലെയും 14 വില്ലേജ് ഓഫീസുകളിലെയും എല്ലാജീവനക്കാരും അവധിയെടുത്ത് പ്രതിഷേധിച്ചു. റാന്നി താലൂക്കിലെയും 10 വില്ലേജ് ഓഫീസിലെയും മുഴുവൻ ജീവനക്കാരും അവധിയെടുത്തു. കോന്നിയിൽ താലൂക്ക് ഓഫീസും 12 വില്ലേജ് ഓഫീസുകളും അടഞ്ഞുകിടന്നു. എന്നാൽ ചില അത്യാവശ്യ ഫയലുകളിൽ വില്ലേജ് ഓഫീസർമാർ തീരുമാനമെടുത്തിട്ടുണ്ട്. പത്തനംതിട്ട, കലഞ്ഞൂർ, കൂടൽ, പന്തളം, തുമ്പമൺ, കുരമ്പാല, കുളനട, കൊടുമൺ, അങ്ങാടിക്കൽ തുടങ്ങിയ വില്ലേജ് ഓഫീസുകളും അടഞ്ഞുകിടന്നു. മിക്ക വില്ലേജ് ഓഫീസിന് മുന്നിലും നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ബാനർ സ്ഥാപിച്ചിരുന്നു.