കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നതിനിടെ കേരളത്തിലെ ബിജെപിക്ക് വെല്ലുവിളിയാകുന്നത് ഗ്രൂപ്പിസം. കെ. സുരേന്ദ്രനെതിരെ തുടർച്ചയായി നടക്കുന്ന പ്രചാരണം തടയാൻ നേതൃത്വത്തിന് ഒന്നും ചെയ്യാനാകുന്നില്ല. വി. മുരളീധരനും കെ സുരേന്ദ്രനും ഒരു പക്ഷത്തും പി കെ കൃഷ്ണദാസും സംഘവും മറുപക്ഷത്തുമായി നിൽക്കുകയാണ്. എംടി രമേശും ശോഭാ സുരേന്ദ്രനും വി മുരളീധരനും കെ സുരേന്ദ്രനുമെതിരെ പടവെട്ടുകയാണ്. അതിനിടെ മുരളീധരനും സുരേന്ദ്രനും പിരിഞ്ഞെന്ന പ്രചാരണം പാർട്ടിയിലും പുറത്തും ശക്തവുമാണ്. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പകരം വി. മുരളീധരനെ കൊണ്ടുവരുന്നുവെന്ന പ്രചാരണവും നടന്നു. ഇത്തരത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിലെ ബിജെപിയെ ഗ്രൂപ്പിസവും നേതാക്കളെ ചുറ്റിപ്പറ്റിയുള്ള വ്യാജ പ്രചാരണങ്ങളും വട്ടം കറക്കുകയാണ്.
അവഗണന മൂലം മുറിവേറ്റ് നിൽക്കുന്ന ശോഭാസുരേന്ദ്രൻ ഇടക്കിടെ നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ച് ക്ഷോഭം തീർക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച ആറ്റിങ്ങലിൽ വി. മുരളീധരൻ സ്ഥാനാർഥിയാകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിലുള്ള ക്ഷോഭം ശോഭ പ്രകടിപ്പിച്ചിരുന്നു. ജനങ്ങൾ പറഞ്ഞാൽ സ്ഥാനാർഥിയാകുമെന്നാണ് അവർ പറയുന്നത്. അതിനിടെ, രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ബിജെപി ധാരണയിലെത്തി. തൃശൂരിൽ സുരേഷ് ഗോപിയോടും പാലക്കാട് സി. കൃഷ്ണകുമാറിനോടും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അമിത് ഷാ തന്നെ നിർദേശം നൽകിയെന്നാണ് വിവരം. മാസത്തിൽ പതിനഞ്ച് ദിവസം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.