തിരുവനന്തപുരം : അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്‌ടി നിരക്കു വര്‍ധനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനു കത്തയച്ചു. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറയുന്നു.
നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കരുതെന്നും ഉയര്‍ന്ന വിലയുള്ള ആഡംബര സാധനങ്ങളുടെ നികുതിയാണ് വധിപ്പിക്കേണ്ടത് എന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ ആഡംബര സാധനങ്ങളുടെ നികുതി കുറച്ചു കൊണ്ടുവരുന്ന നടപടികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. 16 ശതമാനം വരെയുണ്ടായിരുന്ന റവന്യൂ ന്യൂട്രല്‍ നിരക്ക് ആഡംബര സാധനങ്ങളുടെ ജിഎസ്ടി പല ഘട്ടങ്ങളിലായി കുറച്ചതിനെ തുടര്‍ന്ന് 11 ശതമാനത്തിലേക്ക് കുറയുകയുണ്ടായി. ഇത് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സൃഷ്ടിച്ചത്. ഈ പ്രശ്‌നം ജിഎസ്ടി കൗണ്‍സിലില്‍ കേരളം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.