കണ്ണൂർ : ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത വിമുക്ത ഭടന് മർദ്ദനം. കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിലാണ് സംഭവം. തില്ലങ്കേരി സ്വദേശിയും വിമുക്തഭടനുമായ പ്രശാന്ത് കുമാറിനാണ് മർദ്ദനമേറ്റത്. അതിഥി തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്നും പരാതി നൽകിയിട്ടും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 19 ന് രാത്രിയാണ് സംഭവം. പ്രദേശത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ അമ്മയുടെ ഫോൺ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. മോഷണക്കുറ്റത്തിൽ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മറ്റൊരു അതിഥി തൊഴിലാളി കൂടി പ്രതിയാണെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകരുടെ സംഘം ഇദ്ദേഹത്തെയും കൈയ്യേറ്റം ചെയ്യുകയായിരുന്നു.
തന്റെ വീടിന് മുന്നിൽ വെച്ച് തൊഴിലാളിയെ ആക്രമിക്കുന്നത് കണ്ട് പ്രശാന്ത് കുമാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് സംഘം പ്രശാന്തിനെ മർദ്ദിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് ശേഷം പ്രശാന്ത് വീട്ടിൽ തിരിച്ചെത്തി. ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.