തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിന് പിന്നാലെ കൊവിഡ് വിവര ശേഖരണത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഐടി റൂൾ പ്രകാരമെ വിവര ശേഖരണം നടത്താവു. ഡാറ്റ ശേഖരിക്കുന്നതിനും കൈമാറുന്നതിനും മുൻപ് വിവര ദാതാവിന്‍റെ അനുമതി തേടണമെന്നും മാർഗരേഖ നിർദ്ദേശിക്കുന്നുണ്ട്.
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലുളള വിവര ശേഖരണത്തിനായി 11 ഇന മാർഗരേഖയാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ 2011ൽ ഇറക്കിയ ഐടി റൂൾ പ്രകാരമെ വിവര ശേഖരണം പാടുള്ളുവെന്നാണ് മാർഗരേഖയിലെ പ്രധാന നിർദേശം. കൊവിഡ് വിവരങ്ങൾ ശേഖരിക്കാനും അത് മൂന്നാം കക്ഷിക്ക് കൈമാറാനും വ്യക്തിയുടെ അനുമതി ആവശ്യമാണ്. ഇത്തരം വിവരങ്ങൾ ആരുടേത് എന്ന് തിരിച്ചറിയാനാവാത്ത രൂപത്തിലാക്കിയേ മൂന്നാം കക്ഷിക്ക് കൈമാറാവു. ഇതുവരെ ശേഖരിച്ച വിവരങ്ങൾക്കും മാർഗരേഖ ബാധകമായിരിക്കും. സ്റ്റേറ്റ് ഡേറ്റ സെന്‍ററിലോ കേന്ദ്ര സർക്കാർ അംഗീകൃത സേവന ദാതാവിലോ മാത്രമേ എൻക്രിപ്റ്റ് ചെയ്ത് ഡാറ്റകൾ സൂക്ഷിക്കാവു.
വിവര ശേഖരണം നടത്തുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലീഷിലും മലയാളത്തിലും സ്വകാര്യതാ നയം പ്രദർശിപ്പിക്കണം. സ്റ്റേറ്റ് ഡേറ്റ സെന്‍ററിൽ ഹോസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍റെയും സോഫ്റ്റ് വെയറിന്‍റെയും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും മാർഗരേഖ നിർദേശിക്കുന്നു. കൊവിഡ് വിവര ശേഖരണത്തിനായി സ്പ്രിംഗ്ളർ കമ്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ഡാറ്റ ശേഖരണത്തിന് വ്യക്തിയുടെ അനുമതി ആവശ്യമാണെന്ന് ഹൈക്കോടതിയും ഇടക്കാല ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പുതിയ മാർഗരേഖ സർക്കാർ പുറത്തിറക്കിയത്.