അഹമ്മദാബാദ് : കൊവിഡ് വ്യാപനം കാരണം നീണ്ടുപോയ രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ആറോളം എം.എല്‍.എമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി വിവരം. അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിജയ് രൂപാണിയുമായും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായും കൂടിക്കാഴ്ച നടത്തി. കിരിത് പട്ടേല്‍, ലളിത് വസോയ, ലളിത് കഗത്താര എന്നിവരാണ് ബുധനാഴ്ച വിജയ് രൂപാണിയെ കണ്ടത്.
അതേസമയം മറ്റാരു എം.എല്‍.എയായ അക്ഷയ് പട്ടേല്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആറോളം എം.എല്‍.എമാര്‍ രാജിവെയ്ക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.
ജൂണ്‍ 19-ന് ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷിനില അനുസരിച്ച് കോണ്‍ഗ്രസിനും ബി.ജെ.പിക്കും രണ്ടു വീതം സീറ്റുകളില്‍ ജയിക്കാനാകും. എന്നാല്‍ കോണ്‍ഗ്രസ് രണ്ടും ബി.ജെ.പി മൂന്നും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് സീറ്റുകളില്‍ ജയിക്കാനുള്ള കോണ്‍ഗ്രസ് കണക്കൂകൂട്ടലുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പി പയറ്റുന്നത്.