അഹമ്മദാബാദ്: സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ നിയമത്തിലെ 2021-ലെ ഭേദഗതിക്കെതിരെ ന്യൂനപക്ഷ സ്ഥാപനങ്ങൾ സമർപ്പിച്ച ഹർജികൾ ഗുജറാത്ത് ഹൈക്കോടതി തള്ളി. സ്വകാര്യ സ്‌കൂളുകളിൽ അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് നിയമങ്ങൾ ഉണ്ടാക്കാൻ സംസ്ഥാനത്തിന് അധികാരം നൽകുന്ന നിയമഭേദഗതിക്കെതിരെ നൽകിയ ഹർജിയാണ് കോടതി വ്യാഴാഴ്ച തള്ളിയത്.മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള ഭരണഘടനാപരമായ അവകാശത്തെയാണ് ഭേദഗതി ലംഘിക്കുന്നതെന്നാണ് ഹർജികളിൽ പറയുന്നത്. “ഈ കൂട്ടത്തിലെ എല്ലാ റിട്ട് ഹർജികളും തള്ളുന്നു” ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ അധ്യക്ഷയായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. വിശദമായ വിധി ഇതുവരെ ലഭ്യമായിട്ടില്ല.
സ്വകാര്യ സെക്കൻഡറി, ഹയർസെക്കൻഡറി സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനുള്ള യോഗ്യതയും തിരഞ്ഞെടുപ്പിന്റെ രീതിയും നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് ഭേദഗതി ചെയ്ത നിയമം നൽകി. ഇത് “നീതിയില്ലാത്തതും നിയമവിരുദ്ധവുമാണ്”, ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സ്കൂളുകൾ സമർപ്പിച്ച ഹർജികളിൽ അവകാശപ്പെട്ടു.അധികാരം നിയന്ത്രിക്കുക എന്ന പേരിൽ ഭരണകൂടം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുകയും അതുവഴി ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ ലംഘിക്കുകയുമാണെന്ന് ഹർജിക്കാർ പറഞ്ഞു. ആർട്ടിക്കിൾ 29 ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതും ആർട്ടിക്കിൾ 30 അവർക്ക് “വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള” അവകാശം നൽകുന്നതുമാണ്.