അഹമ്മദാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 19.2 ഓവറിൽ 159 ന് പുറത്തായി. 58 റൺസ് ജയത്തോടെ ഗില്ലും സംഘവും പട്ടികയിൽ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമടക്കം എട്ട് പോയന്റാണ് ഗുജറാത്തിന്. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ തുടക്കം തന്നെ പതറി. 12 റൺസിനിടെ തന്നെ ടീമിന് രണ്ടുവിക്കറ്റുകൾ നഷ്ടമായി. യശസ്വി ജയ്‌സ്വാളും(6) നിതീഷ് റാണയും(1) നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ സഞ്ജു സാംസണും റയാൻ പരാഗും ചേർന്നാണ് രാജസ്ഥാനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ഇരുവരും ചേർന്ന് അതിവേഗം സ്‌കോറുയർത്തിയെങ്കിലും ടീം സ്‌കോർ 60 ൽ നിൽക്കേ പരാഗ് (26) പുറത്തായി. പിന്നാലെ അഞ്ച് റൺസ് മാത്രമെടുത്ത് ധ്രുവ് ജുറലും കൂടാരം കയറിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. ടീം 68-4 എന്ന നിലയിലേക്ക് വീണു. എന്നാൽ ക്രീസിലൊന്നിച്ച സഞ്ജുവും ഹെറ്റ്മയറും രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ചേർന്ന് സ്‌കോർ 100-കടത്തി. എന്നാൽ സഞ്ജുവിനെ പുറത്താക്കി പ്രസിദ്ധ് ബ്രേക്ക്ത്രൂ നൽകി. 28 പന്തിൽ നിന്ന് 41 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. ഒരു റൺ മാത്രമെടുത്ത് ശുഭം ദുബെയും പുറത്തായതോടെ ടീം 119-6 എന്ന നിലയിലായി. പിന്നീട് വന്നവർക്കാർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല.
ജൊഫ്ര ആർച്ചർ(4), തുഷാർ ദേശ്പാണ്ഡെ(3) എന്നിവർ വേഗം മടങ്ങി. ഹെറ്റ്‌മെയർ അർധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 19.2 ഓവറിൽ 159 റൺസിന് രാജസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചു. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 217 റൺസാണെടുത്തത്. ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നായകൻ ഗില്ലിനെ വേഗം നഷ്ടമായി. രണ്ട് റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച സായ് സുദർശനും ജോസ് ബട്‌ലറും ചേർന്ന് ഗുജറാത്ത് സ്‌കോറുയർത്തി. ടീം ആറാം ഓവറിൽ തന്നെ അമ്പതിലെത്തി. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ ടീം സ്‌കോർ 94 ൽ നിൽക്കേ ബട്‌ലറെ(36) പുറത്താക്കി മഹീഷ് തീക്ഷണ കൂട്ടുകെട്ട് പൊളിച്ചു.അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ഷാരൂഖ് ഖാനുമായി മൂന്നാം വിക്കറ്റിലും സായ് സുദർശൻ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേർന്ന് സ്‌കോർ 150-കടത്തി.എന്നാൽ തുടരെ രണ്ടുവിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ മത്സരം കടുപ്പിച്ചു. ഷാരൂഖ് ഖാനെ(36) മഹീഷ് തീക്ഷണയും ഷെർഫെയ്ൻ റൂഥർഫോഡിനെ(7) സന്ദീപ് ശർമയും പുറത്താക്കി.ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വെടിക്കെട്ടുമായി ക്രീസിൽ നിലയുറപ്പിച്ച സായ് സുദർശനാണ് ഗുജറാത്തിന്റെ സ്‌കോറിങ്ങിന് വേഗം കൂട്ടിയത്. എന്നാൽ സായ് സുദർശനെയും(82) റാഷിദ് ഖാനെയും(12) പുറത്താക്കി തുഷാർ ദേശ്പാണ്ഡെ ഗുജറാത്തിനെ പ്രതിരോധത്തിലാക്കി. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയ(24) വെടിക്കെട്ട് നടത്തിയതോടെ ഗുജറാത്ത് സ്‌കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 217 ലെത്തി. രാജസ്ഥാനു വേണ്ടി തുഷാർ ദേശ് പാണ്ഡെയും മഹീഷ് തീക്ഷണയും രണ്ട് വീതം വിക്കറ്റെടുത്തു.