റിയാദ് : നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സൗദി അറേബ്യയിലെ ജോലി സ്ഥലത്താണ് അദ്ദേഹം കുഴഞ്ഞ് വീണത്.
വെള്ളിയാഴ്ച രാത്രി നമസ്‌കാരത്തിന് ശേഷം ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ശാരീരികമായ വൈഷമ്യങ്ങളെക്കുറിച്ച് ഭാര്യയോട് പറഞ്ഞയുടനെ കുഴഞ്ഞ് വീഴുകയായിരുന്നു. ഫോണില്‍ അനക്കം കേള്‍ക്കാതെ വന്നതോടെ ഭാര്യ ദമാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. അവര്‍ വന്നുനോക്കിയപ്പോള്‍ ഷോപ്പിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.
സുഹൃത്തുക്കള്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരീതിന്റെയും ഐഷാ കുഞ്ഞുബീവി ജാന്റെയും മകനാണ്. ഭാര്യ: റിന്‍ഷാ മോള്‍. ഏകമകള്‍, നിഹാല. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വി-ങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.