കോട്ടയം : പള്ളിക്കത്തോട് തോക്കുകളും വെടിയുണ്ടകളും നിര്‍മിച്ച് വില്പന നടത്തിയ കേസില്‍ ജയില്‍ വാര്‍ഡനടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. പീരുമേട് ജയില്‍ വാര്ഡന് പത്തനാട് മുണ്ടത്താനം മുള്ളുവയലില് സ്റ്റാന്‍ലി എം. ജോണ്സണ് (34), റാന്നി സ്വദേശി പുല്ലുപുറം ഭാഗത്ത് കടക്കേത്ത് വീട്ടില്‍ ജേക്കബ് മാത്യു (52) എന്നിവരാണ് അറസ്റ്റിലായത്.
സ്റ്റാന്‍ലിയുടെ വീട്ടില്‍നിന്ന് റിവോള്‍വര്‍ കണ്ടെടുത്തു. ജേക്കബ് മാത്യുവിന്റെ വീട്ടില്‍നിന്ന് നാടന്‍ കുഴല്തോക്കും പോലീസ് കണ്ടെടുത്തു. പിടിയിലായ സംഘത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. അതിനിടെ മാന്നാറിലെ ഒരു വീട്ടില്‍നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ വാങ്ങിയ ആളെ പിടികൂടാനായിട്ടില്ല. തോക്ക് കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനടക്കം 10 പേരാണ് പിടിയിലായത്.
പിടിയിലായവരില്‍നിന്ന് ലഭിച്ച സൂചന അനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ഒന്നിലേറെ ജില്ലകളില്‍നിന്ന് തോക്കുമായി നിരവധിപേര്‍ പിടിയിലായത് കേസിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ചിലര്‍ പോലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന. തോക്ക് നിര്‍മാണ സംഘത്തിന് വെടിമരുന്ന് നല്കിയ പള്ളിക്കത്തോട് സ്വദേശി തോമസ് മാത്യുവിനെ (76) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസമാണ് ഇയാള്‍ അറസ്റ്റിലായത്.