തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ സസ്പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. യുഎഇ കോണ്‍സുല്‍ ജനറല്‍ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏല്‍പ്പിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ജയഘോഷിനെതിരെ വധശ്രമമുണ്ടായി എന്ന മൊഴി പോലീസും വിശ്വാസത്തിലെടുക്കുന്നില്ല. ഇന്ന് ആശുപത്രി വിട്ട ജയഘോഷിന്റെ മൊഴി കേരളാ പോലീസും രേഖപ്പെടുത്തിയിരുന്നു. കോണ്‍സുല്‍ ജനറലും പിന്നീട് അറ്റാഷെയും ദുബായിലേക്ക് പോയ കാര്യം ജയഘോഷ് സ്പെഷ്യല്‍ ബ്രാഞ്ചിനെയോ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിനെയോ അറിയിച്ചില്ലെന്നതാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലെ മുഖ്യ കണ്ടെത്തല്‍. സര്‍വീസ് തോക്ക് മടക്കി നല്‍കാന്‍ ജയഘോഷും കോണ്‍സുലേറ്റില്‍ ജോലിയിലുണ്ടായിരുന്ന മറ്റൊരു ഗണ്‍മാന്‍ അഖിലേഷും തയാറായില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ ഉണ്ടായത്.