തൃശൂര്‍: പൂത്തോളില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ സംഘത്തില്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയും. സ്വപ്ന സുരേഷ് ഉള്‍പ്പെട്ട കേസിലെ പതിനാറാം പ്രതിയാണ് കേസില്‍ അറസ്റ്റിലായ ജീഫ്‌സല്‍. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജീഫ്‌സല്‍. തൃശ്ശൂര്‍ പൂത്തോളില്‍ ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തൃശ്ശൂര്‍ പൂത്തോളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയിലാണ് സംഭവം ഉണ്ടായത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാര്‍ഡ് വഴി പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് മറ്റൊരു കാര്‍ഡുമായി വരാം എന്ന് പറഞ്ഞ് ഇവര്‍ പുറത്തേക്ക് പോയി. ഇവര്‍ തിരിച്ചു വന്നപ്പോള്‍ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.