ഓച്ചിറ: യുവാവിനെ അഞ്ചംഗ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തഴവ കുതിരപ്പന്തി കോളശേരില്‍ രാജേഷിനാണ് (40) വെട്ടേറ്റത്. ശരീരമാസകലം മുറിവേറ്റ രാജേഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും നിരവധി തവണ മുഖംമൂടി ധരിച്ച ഗുണ്ടാസംഘം രാജേഷിന്റെ വീട് ആക്രമിച്ചിട്ടുണ്ട്. പാവുമ്പ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ഇതിന് മുമ്പ് ഡിസംബര്‍ 24ന് രാത്രി അക്രമികള്‍ വീടിന് മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു പൊട്ടിച്ചിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് മുളക് വെള്ളം ഒഴിച്ചു. ഡിസംബര്‍ 31ന് രാത്രിയില്‍ പതിനൊന്നരയോടെ സംഘം എത്തിയെങ്കിലും ഓച്ചിറ പോലീസ് എത്തിയതിനാല്‍ ആക്രമണം ഉണ്ടായില്ല. ജനുവരി 2ന് രാത്രിയില്‍ അടുക്കളഭാഗത്തെ ജനല്‍ ഗ്ളാസുകള്‍ അടിച്ചു പൊട്ടിച്ചു. അക്രമസംഭവങ്ങള്‍ നിരന്തരം ഉണ്ടാകുന്നതിനാല്‍ പരിസരവാസികളും ഭീതിയിലാണ്. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തംഗം സലിം അമ്പീത്തറയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.