തിരുവനന്തപുരം : ‘ശക്തമായ പരിശോധനകള്‍’ തുടരുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും പോലീസിന്റെ തലക്ക് മുകളിലേക്ക് വളര്‍ന്ന് ഗുണ്ടകള്‍. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം റേഞ്ചില്‍ പോലീസ് ആവിഷ്കരിച്ച ‘ഓപറേഷന് ട്രോജ’നില് കഴിഞ്ഞ 10 ദിവസത്തിനിടെ അറസ്റ്റിലായത് 237 പിടികിട്ടാപ്പുള്ളികളാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ഗുണ്ടാസംഘങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും തടയിടാന്‍ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ല.
പോത്തന്‍കോട് കാറിലെത്തിയ പിതാവിനെയും 17 വയസ്സുകാരി മകളെയും ഗുണ്ടകള്‍ നടുറോഡില്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവം പൗരന്മാര് സുരക്ഷിതരല്ലെന്നാണ് വ്യക്തമാക്കുന്നത്. ഡിസംബര്‍ 11ന് പോത്തന്‍കോട് കല്ലൂരില്‍ വധശ്രമക്കേസ് പ്രതിയെ വെട്ടിക്കൊന്ന ശേഷം കാലുവെട്ടി നടുറോഡിലെറിഞ്ഞതിനെ തുടര്‍ന്നാണ് നവംബര്‍ 14ന് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ ഓപറേഷന് ട്രോജന്‍ എന്ന പേരില്‍ സ്പെഷല്‍ ഡ്രൈവ് ആരംഭിച്ചത്.
ഓരോ സ്റ്റേഷന് പരിധിയിലെയും സമൂഹികവിരുദ്ധയും മയക്കുമരുന്ന് മാഫിയയെയും പിടികൂടുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള 1230 പേരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 1368 പേരെ ഒരുദിവസത്തേക്ക് കരുതല്‍ തടവിലാക്കി. വ്യാഴാഴ്ച വരെ 3083 പരിശോധനകളിലായി 434 വാറണ്ട് പ്രതികളും 72 ലഹരിമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.
എന്നാല്‍ ഇത്തരം പരിശോധനകള്‍ക്കിടെയാണ് ഡിസംബര്‍ 20ന് ബാലരാമപുരം റസല്‍പുരത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘം രണ്ടുപേരെ വെട്ടിവീഴ്ത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം 16 വാഹനങ്ങള്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയും ചെയ്തു. സുധീഷിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ പോത്തന്‍കോടാണ് 22ന് പിതാവിനും മകള്‍ക്കുമെതിരെ പൊതുജനമധ്യത്തില്‍ ആക്രമണം നടന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാനായിട്ടില്ല.
വ്യാഴാഴ്ച്ച നിയമസഭ മന്ദിരത്തിന് സമീപം ഗുണ്ടകള്‍ സഞ്ചരിച്ച വാഹനം പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പെട്ടിരുന്നു. 14 വയസ്സുകാരനടക്കം ആറംഗസംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. അമിതമദ്യലഹരിയായിരുന്നവരെ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇവരില്‍ രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണെന്ന് തിരിച്ചറിഞ്ഞത്. 1500ല്‍ ഏറെ തടവുകാരാണ് കോവിഡിന്റെ പേരില്‍ ലഭിച്ച ഇളവില്‍ ജയിലിന് പുറത്ത് വിഹരിക്കുന്നത്. അക്രമം നടത്തുകയും പ്രത്യാക്രമണമുണ്ടാകാതിരിക്കാന് ജയിലിന്റെ സുരക്ഷിതത്വത്തിലേക്ക് രക്ഷപ്പെടുകയും ചെയ്യുന്ന രീതിയാണ് ഗുണ്ടകള്‍ സ്വീകരിക്കുന്നത്. പുറത്തു കഴിയുന്നത് ജീവന് ആപത്താണെന്ന് മനസ്സിലാക്കി ജയിലില്‍ തിരിച്ചു കയറാന്‍ അക്രമം നടത്തുന്നവരുമുണ്ട്.