മല്ലപ്പള്ളി : ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരം ചുങ്കപ്പാറ സെൻ്റ് ജോർജസ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ വർഗീസ് ജോസഫിന്. സ്കൂളിൻ്റെ സമഗ്ര പുരോഗതി, കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂളിനെ സമൂഹവുമായി ബന്ധിപ്പിക്കുന്ന വിവിധ പരിപാടികൾ, ശാസ്ത്ര സാങ്കേതിക രംഗവുമായി കുട്ടികളെ ബന്ധപ്പെടുത്തൽ, കലാകായിക രംഗങ്ങളിലും സ്കൗട്ട്, എന്‍സിസി എന്നീ മേഖലകളിലുമുള്ള പങ്കാളിത്തം, സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള നേതൃത്വം എന്നിവ പരിഗണിച്ചാണ് അവാർഡ്.
ചെങ്ങരൂർ സെൻ്റ് ജോർജ് എല്‍പി സ്കൂൾ എച്ച്എം ഷൈല ജോസഫാണ് ഭാര്യ. വിദ്യാർത്ഥികളായ ഫെമി എലിസബേത്ത് വർഗീസ്, എമി എൽസ വർഗീസ് എന്നിവർ മക്കളാണ്. ഉപജില്ല , റവന്യൂ ജില്ലാ സംഘാടകൻ പ്രഭാഷകൻ, അദ്ധ്യാപക സംഘടനയായ കെപിഎസ്റ്റിഎയുടെ സംസ്ഥാന നിർവ്വാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 1996 ൽ അധ്യാപനമാരംഭിച്ചു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായും ജില്ലാ റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. സ്കൗട്ട് ജില്ലാ ഓർഗനൈസിംഗ് കമ്മിഷണറായി നിരവധി വർഷം പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ കീഴിൽ വിവിധ പുസ്തക രചനകളിലും കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളിലുംപങ്കാളിയായി. കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻ്റായും, എംസിഎ വൈസ്പ്രസിഡൻ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. റോട്ടറി ക്ലബ് സർവ്വീസ് പ്രൊജക്ട് ചെയർമാനായും പ്രവത്തിച്ചു വരുന്നു. ജനുവരി മാസം തൊടുപുഴയിൽ വെച്ചാണ് അവാർഡ് വിതരണം.